Skip to main content

നൂതന സംരംഭകരെ കാത്ത് ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സില്‍

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, സാമൂഹ്യനീതി,  മൃഗസംരക്ഷണം, ഖനനം, ഫിഷറീസ്, ടൂറിസം,  ഊര്‍ജ്ജം മേഖലകളിലെ നൂതന ആശയങ്ങള്‍ കണ്ടെത്തി ആവശ്യമായ സാമ്പത്തിക-സങ്കേതിക-നിര്‍വ്വഹണ സഹായങ്ങളും പരിശീലനങ്ങളും നല്‍കുന്നതിന് ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സില്‍ തയ്യാറെടുക്കുന്നു. സംസ്ഥാന ഇന്നൊവേഷന്‍ ആന്റ് ഡെവലെപ്‌മെന്റ് സ്ട്രാറ്റജിക് കൗണ്‍സിലാണ് ജില്ലാതലത്തില്‍ ജില്ലാ ഇന്നൊവേഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിട്ടുള്ളത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ കെ എം എബ്രഹാം അധ്യക്ഷനായ വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗം  ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി.
ആധുനിക കാലത്തിന് യോജിച്ച തരത്തില്‍ നൂതന ആശയങ്ങള്‍ കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, പത്തനംതിട്ട  ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.
വ്യത്യസ്ത മേഖലകളിലെ വിദ്യാര്‍ഥികള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരുമായി ചര്‍ച്ചകളിലൂടെയാവും  ആശയരൂപീകരണം നടത്തുക. രണ്ട് വര്‍ഷമാണ് സംരംഭങ്ങളുടെ  പൂര്‍ത്തീകരണ കാലാവധി. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാതല സമിതികള്‍ക്ക് ഉടന്‍ നല്‍കും. കൗണ്‍സിലിന്റെ ചട്ടക്കൂട്, ഉദ്ദേശലക്ഷ്യങ്ങള്‍ എന്നിവ സംബന്ധിച്ച അവതരണവും യോഗത്തില്‍ നടന്നു. നൂതന പദ്ധതികളുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ജില്ലാതല സമിതിക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മേഖലകളുടെ വികസനവും ഇത്തരമൊരു പദ്ധതിയിലൂടെ കൗണ്‍സില്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.
സങ്കേതിക വിദ്യയുടെ സാമൂഹിക രൂപീകരണത്തിലൂടെ സംസ്ഥാനതലത്തില്‍  നൂതനാശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അനുയോജ്യവും  ആരോഗ്യകരവുമായ പരിതസ്ഥിതി രൂപപ്പെടുത്തലാണ് കൗണ്‍സിലിന്റെ ലക്ഷ്യം. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അധ്യക്ഷരുമായ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഒരു പ്രോഗ്രാം എക്‌സിക്യൂട്ടീവിനെയും കൗണ്‍സില്‍ നിയമിച്ചിട്ടുണ്ട്.
'വണ്‍ ഡിസ്ട്രിക്ട് വണ്‍ ഐഡിയ' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഓരോ ജില്ലയും നൂതനാശയങ്ങള്‍ രൂപപ്പെടുത്തേണ്ടത്.
മാറുന്ന കാലത്തിന്റെ ആവശ്യകതയാണ് ഇത്തരം നൂതന പദ്ധതികളെന്നും നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കുന്നെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2448/2020)

 

date