ജില്ലയിലെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ താക്കോൽ പഞ്ചായത്ത് സമിതിക്ക് കൈമാറി
* കെട്ടിടത്തിന്റെ പരിപാലനം മാരാരിക്കുളം പഞ്ചായത്ത് ഏറ്റെടുത്തു
ആലപ്പുഴ: പ്രകൃതി ക്ഷോഭത്തിൽപ്പെടുന്നവർക്കായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചയത്തിൽ നിർമ്മിച്ച സ്ഥിരം ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ താക്കോൽ പഞ്ചായത്ത് സമിതിക്ക് കൈമാറി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ഡി പ്രിയേഷ് കുമാർ ചെയർമാനായുള്ള സമിതി കെട്ടിടത്തിന്റെ പരിപാലന ചുമതല ഏറ്റെടുത്തു. ചുഴലിക്കാറ്റ് ഇതര പ്രകൃതി ദുരന്തങ്ങളിൽ വിഷമത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്തെ ജനക്ഷേമം കോളനിയിൽ സജ്ജമാക്കിയിട്ടുള്ളത്. മൂന്നു നിലകളുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങളും ശുചിമുറികൾ, പൊതു അടുക്കള, കുട്ടികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയുണ്ട്. ദുരന്തകാലഘട്ടങ്ങളിൽ ആയിരത്തോളംപേർക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ദുരന്തകാലഘട്ടമല്ലാത്ത അവസരങ്ങളിൽ കെട്ടിടം സർക്കാർ, സർക്കാർ ഇതര ആവശ്യങ്ങൾക്കായും വിനിയോഗിക്കും. കുടുംബശ്രീ ആയിരിക്കും കെട്ടിടത്തിന്റെ കെയർ ടേക്കർ. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസർ കൺവീനറായും പഞ്ചായത്ത് അംഗങ്ങൾ, പോലീസ്, ഫിഷറീസ്, ഫയർ, ഇറിഗേഷൻ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവർ അടങ്ങുന്നതാണ് സമിതി. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ ദുരിതാശ്വാസ കേന്ദ്രത്തിന്റെ പ്രവർത്തനം. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശാ സി എബ്രഹാം മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസർ അനൂജിനാണ് താക്കോൽ കൈമാറിയത്.
അഭയകേന്ദ്രത്തിന്റെ പ്രവർത്തനത്തിനായി സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി നാല് തരം എമർജൻസി റെസ്പോൺസ് ടീമുകൾ സമിതി രൂപീകരിക്കും. ഷെൽറ്റർ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെയുള്ള നാല് സംഘങ്ങളെയാണ് രൂപീകരിക്കുക. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നി സുരക്ഷാ വകുപ്പ് എന്നിവരാണ് പരിശീലനം നൽകുന്നത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം രമണൻ, എൻ സി ആർ എം പി സ്റ്റേറ്റ് മോബുലൈസർ സിറിയക് കെ ജി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എനിജിനീയർ ശാരി, ചേർത്തല താലൂക്ക് തഹസിൽദാർ ഉഷ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments