വിവിധ ഗ്രൂപ്പുകൾക്ക് ജില്ല പഞ്ചായത്ത് ധനസഹായ വിതരണം നടത്തി
ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറ്ററിംഗ് യൂണിറ്റ്, പേപ്പർ ക്യാരി ബാഗ് നിർമ്മാണ യൂണിറ്റ് എന്നിവ തുടങ്ങുന്നതിന് ഗ്രൂപ്പുകൾക്ക് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിച്ചു. കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നതിന് 13 ഗ്രൂപ്പുകൾക്ക് മൂന്നു ലക്ഷം രൂപ വീതം 39, 00, 000 രൂപയും, പേപ്പർ ക്യാരി ബാഗ് നിർമാണ യൂണിറ്റ് തുടങ്ങുന്നതിന് മൂന്ന് ഗ്രൂപ്പുകൾക്ക് രണ്ട് ലക്ഷം രൂപ വീതം 6, 00, 000 രൂപയുമാണ് അനുവദിച്ചത്.
ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു വിനു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സുമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ ദേവദാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments