റോഡ് പ്രവൃത്തി: തടസ്സം കരാറുകാരനെങ്കിൽ മാറ്റാൻ നടപടി വേണം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
റോഡ് പ്രവൃത്തിയുടെ പൂർത്തീകരണത്തിന് തടസ്സം കരാറുകാരനാണെങ്കിൽ കരാറുകാരനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് തുറമുഖ വകുപ്പ്, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കലക്ടറേറ്റിൽ ചേർന്ന എം.എൽ.എ ഫണ്ട് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തോട്ടട-കിഴുന്നപ്പാറ റോഡ് പ്രവൃത്തി ഇഴയുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. ജില്ലാശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി ഇഴയുന്നതും മന്ത്രിയുടെ രൂക്ഷവിമർശനത്തിനിടയാക്കി. പാവപ്പെട്ട രോഗികൾക്ക് ആശ്രയമാവേണ്ട ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തിയാണ് ഇഴയുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തികളിലെ കാലവിളംബം ഒഴിവാക്കാൻ നടപടി വേണം. മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. വിവിധ പദ്ധതികളുടെ പ്രവൃത്തി പുരോഗതി സമയാസമയം അറിയിക്കാൻ മന്ത്രി നിർദേശിച്ചു. തടസ്സങ്ങളുണ്ടെങ്കിൽ അറിയിച്ചാൽ മാത്രമേ വേണ്ട ഇടപെടലുകൾ നടത്താൻ കഴിയൂ.
ആസന്നമായ വരൾച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ മന്ത്രി നിർദേശിച്ചു. വേണ്ട ആസൂത്രണം നടത്തിയില്ലെങ്കിൽ കുടിവെള്ളം എത്തിക്കൽ സാഹസികമാവും. എത്തിക്കുന്ന കുടിവെള്ളം ശുദ്ധീകരിക്കപ്പെട്ടതാണെന്ന് ഉറപ്പുവരുത്താനും സംവിധാനം വേണം. ഈ വിഷയത്തിൽ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വിവിധ പദ്ധതികളുടെ പുരോഗതി നിർവഹണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റിയൻ, ജില്ലാ ഫിനാൻസ് ഓഫീസർ പി.വി. നാരായണൻ, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments