Skip to main content

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ വാട്ട്‌സ്ആപ്പ് തരംഗം

 

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒരുങ്ങിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ 'എം.ഇ.എസ്  സിഎഫ്എല്‍ടിസി റൂമുംസ് ' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണിപ്പോള്‍ താരം. സെന്ററിലെ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമാണ് ഗ്രൂപ്പിലെ അംഗങ്ങള്‍. രോഗികള്‍ക്ക് ഏതു സമയത്തും ഡോക്ടറുമായി സംവദിക്കാമെന്നതാണ് ഗ്രൂപ്പിന്റെ പ്രത്യേകത. രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കി കൂടെ കൂട്ടുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.   കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍, സെന്ററിലെ അസൗകര്യങ്ങള്‍ തുടങ്ങിയവ രോഗികള്‍ക്ക് ഗ്രൂപ്പ് വഴി അറിയിക്കാം. എല്ലാ സംശയങ്ങള്‍ക്കും ഡോക്ടര്‍മാര്‍ ഉടന്‍ മറുപടി നല്‍കും.  ചുമരുകളില്‍ പതിച്ച ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഗ്രൂപ്പില്‍ അംഗമാകുന്നത്.

വാട്ട്‌സ് ആപ്പ്  ഗ്രൂപ്പ് എല്ലാവരുടെയും സംശയങ്ങള്‍ ഇല്ലാതാക്കാനും അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാനും സഹായിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അിറയിച്ചു. രോഗികള്‍ക്ക് പരസ്പരം അറിയാനും സംവദിക്കാനും ഗ്രൂപ്പ് വേദിയാകുന്നുണ്ട്. ഞായറാഴ്ചകളില്‍ പാട്ട്, മിമിക്രി തുടങ്ങിയ കലാപരിപാടികളും ഗൂപ്പില്‍ നടക്കാറുണ്ട്. ഗ്രൂപ്പിലെ മത്സര പോസ്റ്റുകള്‍ കണ്ട് ഡോക്ടര്‍മാരാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. അടുത്ത ദിവസം വിജയികള്‍ക്ക് സമ്മാനവും നല്‍കും.
രോഗം ഭേദമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്കും സെന്ററില്‍ നിന്ന് കിട്ടിയ പരിചയങ്ങള്‍ പുതുക്കാനും 'എം.ഇ.എസ് സി.എഫ്.എല്‍.ടി.സി അലുമിനി' എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പും നിലവിലുണ്ട്. പോസിറ്റീവായപ്പോള്‍ ചേരുന്ന ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ചെയ്താണ് അലുമിനി ഗ്രൂപ്പില്‍ ചേരുന്നത്. ഈ ഗ്രൂപ്പിലും കോവിഡ്  സംശയങ്ങള്‍ക്കെല്ലാം ഡോക്ടര്‍മാര്‍ മറുപടി പറയും.
 

date