മലയോര ഹൈവെയുടെ നിര്‍മാണോദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു
മലയോര ഹൈവേയുടെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിലെ നിര്‍മാണോദ്ഘാടനം പി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യ റീച്ചായ മുണ്ടേരി വിത്തുകൃഷിത്തോട്ടം ഗേറ്റ് മുതല്‍ ചാത്തമുണ്ട വരെയാണ് പഞ്ചായത്തില്‍ പാതയുടെ നിര്‍മാണം. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ 8.40 മീറ്റര്‍ ടാറിങ്ങും വശങ്ങളില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
നിലമ്പൂര്‍ മണ്ഡലത്തിലൂടെ രണ്ട് റീച്ചുകളായാണ് മലയോര ഹൈവേ കടന്നുപോകുന്നത്. പൂക്കോട്ടുംപാടം മുതല്‍ മുണ്ടേരി ഫാം ഗേറ്റ് വരെയുള്ള പ്രധാന റീച്ചും പൂക്കോട്ടുംപാടം മുതല്‍ മൂലേപ്പാടം പാലം വരെയുള്ള ലൂപ്പ് റോഡുമാണിത്. ആദ്യ റീച്ചിന് 115 കോടി രൂപയും രണ്ടാം റീച്ചിന് 45 കോടി രൂപയുമാണ് അനുവദിച്ചത്. മൂന്ന് ഘട്ടമായാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
ആധുനിക രീതിയിലുള്ള ബസ്‌ബേ, ഡ്രൈനേജ്, കേബിള്‍ ഡക്ട് സംവിധാനം, റോഡ് സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഹൈവേ നിര്‍മിക്കുന്നത്. മൂത്തേടം, അമരമ്പലം, കരുളായ് പഞ്ചായത്തുകളില്‍ മലയോര ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
പോത്ത്കല്ലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, വൈസ് പ്രസിഡന്റ് വത്സല അരവിന്ദന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments