Skip to main content

ആര്യാട് ബ്ലോക്കിൽ  വീടുപണിയാൻ ഇനി പെൺകരുത്തും 

 

ആലപ്പുഴ : ഭിത്തികെട്ടലും വാർക്കലുമടക്കം വീടുപണിയിലും ചുവടുറപ്പിക്കുകയാണ് ആര്യാട് ബ്ലോക്കിന്റെ പെൺകരുത്ത്. കെട്ടിട നിർമ്മാണത്തിന്റെ എല്ലാ രംഗത്തും സ്ത്രീകൾക്ക് പരിശീലനം നൽകുന്നതിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.എം.എ.വൈ (ഗ്രാമീൺ ) പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ നടന്ന വനിതാ മേസ്തിരി  പരിശീലനം പൂർത്തിയായി. അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് 45 ദിവസത്തെ പരിശീലനമാണ് നൽകിയത്.

പി.എം.എ.വൈ. പദ്ധതി പ്രകാരം നിർമ്മിക്കുന്ന മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ പള്ളിക്കേതയ്യിൽ റോസമ്മ സെബാസ്റ്റ്യന്റെ വീടിന്റെ നിർമ്മാണ പ്രവർത്തനത്തിൽ  പങ്കുചേർത്താണ് പരിശീലനം നൽകിയത്. പരിശീലന കാലയളവിൽ 250 രൂപ വീതം പ്രതിദിന സ്റ്റൈഫന്റും ഇവർക്കു നൽകി. 

വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും ഓരോരുത്തർക്കും1200 രൂപ വിലവരുന്ന ടൂൾകിറ്റും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആര്യാട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽ കുമാർ വിതരണം ചെയ്തു.

കാർപ്പെന്റർ, പ്ലംബിംഗ്, വയറിങ്ങ് തുടങ്ങിയ  മേഖലകളിൽ താൽപര്യമുള്ളവർക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകാൻ സന്നദ്ധമാണെന്നും ലൈഫ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സാദ്ധ്യത ഉപയോഗിച്ച് പരിശീലനം സിദ്ധിക്കുന്നവർക്ക് തൊഴിൽ സാദ്ധ്യത ഉറപ്പു വരുത്തുമെന്നും അഡ്വ.ഷീന സനൽകുമാർ പറഞ്ഞു. 

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ.പി.സ്നേഹജൻ, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയൻ തോമസ്, ദാരിദ്ര ലഘുകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസർ രാധാകുമാർ, പരിശീലനം നൽകിയ ആർ എസ് ഇ ടി ഐ ഡയക്ടർ ശ്രീകുമാർ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.രജിത്ത്, ബ്ലോക്ക് പഞ്ചായത്തിലെ ഭവന നിർമ്മാണ വിഭാഗം ഓഫിസർ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
 

date