Skip to main content

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് ഹോം ഐസോലേഷന്‍ അനുവദിക്കും

 

 ജില്ലയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നതിന് അനുമതി നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ വീടുകളിലുള്ളവര്‍ക്ക്  ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.
 തൊടുപുഴ ജില്ലാ  ആശുപത്രി, ഇടുക്കി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഇതിന്റെ ഭാഗമായി ഇ സഞ്ജീവനിയിലൂടെ ടെലിമെഡിസിന്‍ സംവിധാനം ആരംഭിക്കും. വീട്ടില്‍ നിരീക്ഷണത്തിലുള്ള കോവിഡ് രോഗികള്‍ക്കു രോഗലക്ഷണം കാറ്റഗറി എ യില്‍പ്പെടുന്നതാണെങ്കില്‍ കോവിഡ് ഫെസിലിറ്റി കേന്ദ്രത്തിലേക്കു മാറ്റും. കാറ്റഗറി ബി, സി ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആശുപത്രിയിലേക്കും മാറ്റും.
രോഗിക്കും വീട്ടിലെ അംഗങ്ങള്‍ക്കും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും രോഗി താമസിക്കുന്ന മുറിയോടു ചേര്‍ന്ന് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും പരിശോധിച്ച് ഉറപ്പാക്കിയശേഷമായിരിക്കും  ഹോം ഐസൊലേഷന്‍ അനുവദിക്കുക. ആരോഗ്യ വകുപ്പിനും തദ്ദേശഭരണ സ്ഥാപനത്തിനുമാണ് പരിശോധനയുടെ ചുമതലയെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി.

പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ്  ബാധിച്ചാല്‍ വീട്ടില്‍ താമസിക്കാന്‍  അനുവദിക്കില്ല. നിലവില്‍ ആരോഗ്യ ബ്ലോക്ക് തലത്തില്‍ വികേന്ദ്രീകരിച്ചിട്ടുള്ള കോവിഡ് ചികിത്സാ സംവിധാനം പ്രാഥമികാരോഗ്യ കേന്ദ്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഹോം ഐസോലേഷന്‍ ഏര്‍പ്പെടുത്തുന്നത്.  

വീടുകളില്‍ കഴിയുന്ന രോഗികളെ എല്ലാ ദിവസവും വകുപ്പില്‍നിന്ന് ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി വിലയിരുത്തും. പനി, ശ്വാസതടസം, തൊണ്ടവേദന, നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ കിതപ്പ്, രുചിയും മണവും നഷ്ടപ്പെടുക, ക്ഷീണം എന്നിവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

പത്താം ദിവസം സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഐസോലേഷനില്‍നിന്ന് ഒഴിവാക്കും. ഏഴു ദിവസം കൂടി നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.

വീടുകളില്‍ കഴിയുന്നവരെ ആവശ്യമെങ്കില്‍ ഏതുസമയത്തും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എല്ലാ   പ്രദേശങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് എത്തുവാന്‍ മതിയായ റോഡ് സൗകര്യങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിക്കില്ല.

 
ജാഗ്രതയ്ക്കു ജീവന്റെവില...
തുടരണം ഈ കരുതല്‍...!

കൊവിഡ് ഹോം ഐസൊലേഷന്‍ മാനദണ്ഡം

1 രോഗിയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കുകയുള്ളു.
2 കൊവിഡ്-19 രോഗലക്ഷണങ്ങള്‍  ഇല്ലാത്തവരെ മാത്രമേ ഹോംഐസൊലേഷന് അനുവാദംലഭിക്കൂ.
3 രോഗബാധിതന് റൂം ഐസൊലേഷന് ആവശ്യമായ സൗകര്യം വീട്ടില്‍ ലഭ്യമാണെന്ന് പ്രാദേശിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ഓഫീസര്‍ സാക്ഷ്യപ്പെടുത്തന്നവര്‍ക്ക് മാത്രമേ അനുവാദം ലഭിക്കൂ.
4 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക റൂം ഐസൊലേഷനില്‍ മാതാപിതാക്കള്‍ / രക്ഷാകര്‍ത്താവ് - ഒരാളെകൂടെ കഴിയാന്‍ അനുവദിക്കുന്നതാണ്
5. ഗര്‍ഭിണികള്‍, 3 മാസംവരെ പ്രായമായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ മറ്റ് രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക്‌ഹോം ഐസൊലേഷന്‍ അനുവദിക്കുന്നതല്ല.
6 വീട്ടിലെ പ്രായമായവരേയും മറ്റസുഖങ്ങള്‍ ഉള്ളവരേയും 10 വയസില്‍താഴെ പ്രായമുള്ള കുട്ടികളേയും മാറ്റിതാമസിപ്പിക്കണം.
7. രോഗ ബാധിതനാവശ്യമായ കാര്യങ്ങള്‍ചെയ്ത് നല്‍കാന്‍ മുതിര്‍ന്ന - ആരോഗ്യവാനായ ഒരുവ്യക്തിയെ മാത്രം ചുമതലപ്പെടുത്തുക.
8 ഹോംഐസൊലേഷനില്‍ കഴിയുന്നവര്‍ക്കായി് പള്‍സ്ഓക്‌സിമീറ്റര്‍വാങ്ങിച്ച്, നിശ്ചിത ഇടവേളകളില്‍ രക്തത്തിലെ ഓക്‌സിജന്റെഅളവ് പരിശോധിച്ച് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.
9 കൊവിഡ് -19 രോഗലക്ഷണങ്ങള്‍ സ്വയം നിരീക്ഷിച്ച് രോഗലക്ഷണം പ്രകടമായാല്‍ കോള്‍സെന്റര്‍ മുഖാന്തിരം ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.
10 വീട്ടിലേക്ക ്‌സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല.
11. ഹോം ഐസൊലേഷനില്‍ ഉള്ള രോഗ ബാധിതനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓരോദിവസവും 2 തവണമോണിറ്റര്‍ ചെയ്ത് രോഗബാധിതനെ സമബന്ധിതമായി വിവരങ്ങള്‍ രേഖപ്പെടുത്തണം.

 ഹോംഐസൊലേഷന്‍
 രോഗബാധിതര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

1 കോവിഡ് രോഗം ഭേദമാകുന്നത് വരെ വീട്ടിലുളളവരുമായി ഇടപഴകാതെ വായുസഞ്ചാരമുള്ള ബാത്ത്അറ്റാച്ചഡ് മുറിയില്‍ കഴിയണം.
2 ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയംകഴുകി ഉപയോഗിക്കണം.
3 തറയും സപര്‍ശിക്കുന്ന പ്രതലവും സ്വയം അണുവിമുക്തമാക്കണം.
4 രോഗി ഉപയോഗിക്കുന്ന മുറിയുടെ ജനലുകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പ് വരുത്തുക.
5 വസ്ത്രങ്ങള്‍ സ്വയംകഴുകി ഉപയോഗിക്കുക.
6 മാനസിക സംഘര്‍ഷം കുറയ്ക്കാനായി് റ്റി.വി.,റേഡിയോ, മൊബൈല്‍ മുതലായവ ഉപയോഗിക്കുക. വ്യായാമം, യോഗമുതലായവ പരിശീലിക്കുക.
7 ധാരാളം ചൂടുവെള്ളം കുടിക്കുക. പോഷക സമൃദ്ധമായ ആഹാരംകഴിക്കുക.
8 ദിവസവുംകുറഞ്ഞത് 7-8 മണിക്കൂര്‍ ഉറങ്ങുക.
9 സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരുമായി ഫോണില്‍ സംസാരിക്കുക.
10 പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ കോള്‍സെന്റര്‍ മുഖാന്തിരം ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുക.
11 രോഗിയും പരിചരിക്കുന്ന വ്യക്തിയും 3 ലയര്‍മാസ്‌ക് ഉപയോഗിക്കണം. സാമൂഹികഅകലം പാലിക്കണം.
12 പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച ്ഇടവിട്ട് രക്തത്തിലെ ഓക്‌സിജന്‍അളവ് നിരീക്ഷിക്കുക.
13 രോഗി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പാത്രങ്ങള്‍ യാതൊരുകാരണവശാലും വീട്ടിലുളളവരുമായി പങ്കുവയ്ക്കരുത്.
14 വീട്ടില്‍ നില്‍ക്കുന്ന കെയര്‍ടേക്കര്‍ ഒഴികെ മറ്റാരുമായി സമ്പര്‍ക്കം പാടില്ല.
15 രോഗിയുമായി ബന്ധപ്പെട്ടുള്ള മാലിന്യങ്ങള്‍ കെയര്‍ടേക്കര്‍ സുരക്ഷിതമായി കത്തിച്ചു് കളയുകയോ കുഴിച്ചു മൂടുകയോ ചെയ്യണം.

date