Skip to main content

പത്തനംതിട്ട, ആലപ്പുഴ അതിര്‍ത്തികളിലെ വികസനത്തിന്  ഉപദേശിക്കടവ് പാലം കരുത്തേകും: മുഖ്യമന്ത്രി 

 

ജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും വികസനത്തിനും  പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തിനും ഉപദേശിക്കടവ് പാലം കരുത്താകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ല കടപ്ര പഞ്ചായത്തിലെ ഉപദേശികടവ് പാലത്തിന്റെ നിര്‍മ്മാണം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അതിര്‍ത്തിയിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പാലമാണ് ഉപദേശിക്കടവ് പാലം. കടപ്ര, പരുമല നിവാസികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് ഈ പാലം. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും അടിസ്ഥാനസൗകര്യ വികസനം നാടിന് ആവശ്യമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടനുസരിച്ചാണു പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നത്. 

പൊതുമരാമത്ത് വകുപ്പ് 23 കോടി 73 ലക്ഷം രൂപ മുടക്കിയാണു പാലം നിര്‍മ്മിക്കുന്നത്. 206.4 മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലെ 1.5 മീറ്റര്‍ നടപ്പാതയും ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലുമാണു പാലം നിര്‍മിക്കുന്നത്.  പമ്പാനദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 10 ലാന്‍ഡ് സ്പാനുകളും നിര്‍മിക്കും. ഉപദേശിക്കടവ്, വളഞ്ഞവട്ടം എന്നീ കരകളെ പാലം ബന്ധിപ്പിക്കും. തിരുവല്ലയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ചക്രശാലക്കടവ്, ഇരമല്ലിക്കര, ഉപദേശിക്കടവ് എന്നീ പാലങ്ങളിലൂടെ സംസ്ഥാനപാത ഒഴിവാക്കി മാന്നാര്‍ നഗരം കടക്കാതെ തന്നെ പരുമലയില്‍ എത്തിച്ചേരാന്‍ സാധിക്കും. ദേശീയപാത ബൈ പാസായി തിരഞ്ഞെടുത്ത കടപ്ര-വീയപുരം റോഡില്‍ നിന്നും മാന്നാര്‍ നഗരത്തില്‍ എത്തിച്ചേരാനും സാധിക്കും. മാന്നാര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകും ഈ പാലം. അപ്പര്‍ക്കുട്ടനാട് ഭാഗത്തു നിന്നുള്ളവര്‍ക്ക് പാലം പൂര്‍ത്തിയാകുന്നതോടെ കോന്നി മെഡിക്കല്‍ കോളേജില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും. 18 മാസങ്ങള്‍ കൊണ്ടുതന്നെ പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

date