Skip to main content

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം മികച്ചത്: മന്ത്രി വി എസ് സുനിൽകുമാർ

 

 

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം പാഠ്യ-പാഠ്യേതര മേഖലകളിലും അടിസ്ഥാന സൗകര്യങ്ങളിലും മികച്ചതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പറഞ്ഞു. പൂങ്കുന്നം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ തലത്തിലും സംസ്ഥാന-ജില്ലാ തല കായിക ഇനങ്ങളിലും മറ്റ് പാഠ്യേതര ഇനങ്ങളിലും നേട്ടങ്ങൾ കൈവരിച്ച പൂങ്കുന്നം സ്‌കൂളിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ 2019 -20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 44 ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ നിർമ്മിതികേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തിയിൽ പ്രവേശന കവാടത്തോടൊപ്പം കാർ പോർച്ച്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിമുറികൾ, പ്രവേശന കവാടം മുതൽ കാർപോർച്ച് വരെ ടൈൽസ് വിരിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 1.40 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഇരുനില കെട്ടിടം നിർമ്മാണ പുരോഗതിയിലാണ്.

തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി റാഫി ജോസ്, ഡി പി സി അംഗം വർഗീസ് കണ്ടംകുളത്തി, ഡിവിഷൻ കൗൺസിലർ ഐ. ലളിതാംബിക എന്നിവർ വിശിഷ്ടാതിഥികളായി. നിർമ്മിതികേന്ദ്രം റീജ്യനൽ എഞ്ചിനീയർ എ എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആർ.ഡി.ഡി. ഹയർ സെക്കന്ററി വിഭാഗം കെ. ശകുന്തള, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത, പ്രിൻസിപ്പൽ കെ എസ് ഭരതരാജൻ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

date