Skip to main content

ശുചീകരണം ഉഷാർ, ഒപ്പം വരുമാനവും; ഹരിതകർമ്മസേന വഴി കൊടുങ്ങല്ലൂർ ശേഖരിച്ചത് 30 ടൺ പ്ലാസ്റ്റിക് മാലിന്യം

 

 

 

മാലിന്യ നിർമ്മാർജനത്തിന് പുതുരീതികൾ തേടി വിജയം കണ്ടെത്തുന്ന കൊടുങ്ങല്ലൂർ നഗരസഭ അജൈവ മാലിന്യ ശേഖരണത്തിലും നേടിയത് അപൂർവ്വവ നേട്ടം. പത്തു മാസത്തിനകം 30 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചാണ് ഈ നേട്ടത്തിന് കൊടുങ്ങല്ലൂർ അർഹമായത്. നഗരസഭയിൽ അജൈവ മാലിന്യ ശേഖരണത്തിനായി രൂപീകരിച്ച ഹരിതകർമ്മസേന വീടുവീടാന്തരം നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായാണ് 30 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സാധിച്ചത്. ശുചീകരണത്തിനൊപ്പം ഹരിതകർമ്മസേനയിൽ അംഗങ്ങളായ വനിതകളുടെ വരുമാനവും ഇരട്ടിയായി വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് മറ്റൊരു നേട്ടം.

 

2019 ഒക്ടോബർ രണ്ടിന് പ്രവർത്തനമാരംഭിച്ച് 10 മാസത്തിനകമാണ് ഈ നേട്ടം. മാലിന്യ ശേഖരണത്തിനായി യൂസർ ഫീ ഇനത്തിൽ മാത്രം 23 ലക്ഷം രൂപയാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് ലഭിച്ചത്. നഗരസഭ നൽകിയ 10 ലക്ഷം രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടടക്കം 73 പേരടങ്ങുന്ന ഹരിത കർമ്മസേനയ്ക്ക് ഇതിനകം ഇങ്ങനെ 33 ലക്ഷം രൂപയാണ് വരുമാനയിനത്തിൽ ലഭിച്ചത്. ഒരു വീട്ടിൽ നിന്ന് 50 രൂപയും സ്ഥാപനത്തിൽ നിന്ന് 100 രൂപയുമാണ് യൂസർ ഫീ ഇനത്തിൽ ലഭിക്കുന്നത്.

 

സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഇവർക്ക് പുൾ കാർട്ടുകളും മാലിന്യ ശേഖരണത്തിന് കൂടുതൽ സൗകര്യാർത്ഥം നഗരസഭ നൽകിയിട്ടുണ്ട്. ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യം നഗരസഭയിൽ നിന്ന് കയറ്റി അയച്ചു തുടങ്ങി.

 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരസഭയിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിച്ച അജൈവ വസ്തുക്കൾ 35 ടണ്ണാണ് ശുചിത്വമിഷൻ ഏജൻസിക്ക് കൈമാറിയത്. കിലോഗ്രാമിന് എട്ട് രൂപ നിരക്കിലാണ് നഗരസഭ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ ഏജൻസികൾക്ക് റീ സൈക്ലിങ്ങിനായി കൈമാറുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കൈമാറുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.

 

ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ വലിച്ചെറിയുന്ന മാലിന്യം പൂർണമായി മാറ്റിയിട്ടുണ്ട്. മാലിന്യം രാത്രിയിൽ വലിച്ചെറിയാതെ വീടുകളിൽ തന്നെ സംസ്‌കരിക്കുന്ന ശീലമുണ്ടാക്കിയെടുക്കണമെന്നും അതിനായി 90 ശതമാനം സബ്‌സിഡിയിൽ നഗരസഭയിൽ നിന്ന് ബയോ - കമ്പോസ്റ്റ് പോട്ടുകളും ബയോ ഗ്യാസ് പ്‌ളാന്റുകളും നൽകുന്നത് ഉപയോഗപ്പെടുത്തി വീട്ടിൽ തന്നെ സംസ്‌ക്കരിക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു.

date