Skip to main content

സുഭിക്ഷ കേരളം നിര്‍വ്വഹണ മേഖലയില്‍ പ്രായോഗിക സമീപനം അനിവാര്യം- ജില്ലാ കലക്ടര്‍

സുഭിക്ഷകേരളം പദ്ധതിയുടെ നിര്‍വഹണ ഘട്ടങ്ങളില്‍ പ്രായോഗിക സമീപനവും സമയബന്ധിതമായ തുടര്‍ പ്രവര്‍ത്തനങ്ങളും  അനിവാര്യമാണെന്ന് കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ  പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ പരിധിയിലെ 1190 ഹെക്ടര്‍ തരിശ് ഭൂമിയില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്.  ഇതില്‍ 552 ഹെക്ടറില്‍ നെല്ലും  210 ഹെക്ടറില്‍ കിഴങ്ങുകളും 143 ഹെക്ടറില്‍ വാഴയും 103 ഹെക്ടറില്‍ പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണവും ജൈവഗൃഹ നിര്‍മാണവും പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍  591 വലിയ ജലാശയങ്ങളിലും 131 പടുതാക്കുളങ്ങളിലും  മത്സ്യകൃഷി പൂര്‍ത്തിയായി. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘങ്ങള്‍ വഴി 180 ഏക്കറില്‍ കൃഷി നടക്കുന്നുണ്ട്. 80 കോടി രൂപ വായ്പായിനത്തില്‍ നല്‍കിയിട്ടുണ്ട്. 13 സംഘങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥലപരിമിതി നേരിടുന്ന  സംഘങ്ങള്‍ക്ക് മട്ടുപ്പാവില്‍ കൃഷി പോലുള്ള സംവിധാനങ്ങള്‍ ആരംഭിക്കാനും വകുപ്പ്  നിര്‍ദേശം നല്‍കി.
മുട്ടക്കോഴി വിതരണവും  പോത്തുകുട്ടി വിതരണവുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. ജില്ലയിലെ പതിമൂന്നോളം പഞ്ചായത്തുകളില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഡയറി ഡവലപ്‌മെന്റ് യൂണിറ്റ് തീറ്റപ്പുല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ്  പ്രാമുഖ്യം നല്‍കുന്നത്.
സുഭിക്ഷ കേരളം പദ്ധതിയുടെ കണ്‍വീനറും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറുമായ വി ജയ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ശങ്കര്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ലീഡ് ബാങ്ക് മാനേജര്‍ റീന സൂസന്‍ ചാക്കോ, ഡയറി ഡെവലപ്പ്‌മെന്റ്-മൃഗസംരക്ഷണ വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി  ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2471/2020)

 

date