Skip to main content

അടൂര്‍ മണ്ഡലത്തില്‍ കിഫ്ബിയിലൂടെ  നടപ്പാക്കുന്നത് 15 വികസന പദ്ധതികള്‍

 

അടൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കി വരുന്ന 15 വികസന പദ്ധതികളുടെ പുരോഗതി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക യോഗം വിലയിരുത്തി. കിഫ്ബി സിഇഒ കെ.എം എബ്രഹാം പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന്  കിഫ്ബി ഉദ്യോഗസ്ഥരും, കേരള റോഡ് ഫണ്ടിന്റെ ചീഫ് എന്‍ജിനീയറും, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് കേരളയുടെ ചീഫ് എന്‍ജിനിയറും, കിറ്റ്‌കോ ഡയറക്ടറും കൊടുമണ്‍ സ്റ്റേഡിയം, അടൂര്‍ സ്റ്റേഡിയം, അടൂര്‍ ഇരട്ടപാലം, റോഡുകള്‍ തുടങ്ങിയവ ഉടന്‍ സന്ദര്‍ശിക്കും. എംഎല്‍എ ആവശ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.  

  ആനയടി-കൂടല്‍റോഡ് 109 കോടി രൂപ ചെലവഴിച്ച് ഉന്നതനിലവാരത്തിലാണ് നിര്‍മിക്കുന്നത്. ആനയടി മുതല്‍ കുരമ്പാല വരെ 20 കിലോമീറ്ററോളം ടാര്‍ ചെയ്യുന്നതിന് സജ്ജമായിട്ടുണ്ട്. ബാക്കി ഭാഗത്ത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് 51.84 കോടി രൂപയും അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡ് 106 കോടി രൂപയും വിനിയോഗിച്ചാണ് ഉന്നതനിലവാരത്തില്‍ വികസിപ്പിക്കുന്നത്.  ഇതില്‍ അടൂര്‍ മുതല്‍ തുമ്പമണ്‍ വരെ അടൂര്‍ മണ്ഡലത്തില്‍ വരുന്ന ഭാഗം നവീകരിക്കുന്നതിന് 65 കോടി രൂപയാണ് വിനിയോഗിക്കുക. ഇതിന്റെ സര്‍വേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.  

അടൂര്‍ ടൗണ്‍ ഇരട്ടപാലത്തിന് പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.  പാലത്തിന്റെ നിര്‍മാണം ധ്രുതഗതിയില്‍ ആക്കുന്നതിന് നിര്‍ദേശം നല്‍കി. പന്തളം ബൈപ്പാസ് 38 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്നതിനുള്ള അലൈന്‍മെന്റ് സര്‍വേ പൂര്‍ത്തിയാക്കി.  ഡിസൈന്‍ വിംഗില്‍ നിന്ന് എസ്റ്റിമേറ്റും ഡിസൈനും കിഫ്ബിയിലേക്ക്  നല്‍കിയാല്‍ ഉടന്‍ ടെന്‍ഡര്‍ നടപടി തുടങ്ങും.  അടൂര്‍ റിംഗ് റോഡിന് 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിസൈന്‍ വിംഗില്‍ നിന്ന് എത്രയും വേഗം 

കിഫ്ബിക്ക് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. എത്രയും വേഗം അടൂര്‍ റിംഗ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. 

കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തിന് 15 കോടി രൂപയും അടൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി ട്രാക്കിന്റെ നിര്‍മാണമാണ് ഉള്ളത്. ഇത് പൂര്‍ത്തീകരിച്ച് നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി. അടൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് നാലര ഏക്കര്‍ സ്ഥലമായിരുന്നു വേണ്ടത്. എന്നാല്‍, മൂന്നര ഏക്കര്‍ സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതുമൂലം നിര്‍മാണം തുടങ്ങാന്‍ സാധിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ നഗരസഭ ഒരു ഏക്കര്‍ സ്ഥലം കൂടെ ഏറ്റെടുത്തു നല്‍കി. ഇതേതുടര്‍ന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിക്കും ധനമന്ത്രിക്കും കത്ത്  നല്‍കിയതിന്റെ  അടിസ്ഥാനത്തില്‍  ഉടന്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

മികവിന്റെ കേന്ദ്രമാക്കിയ അടൂര്‍ ഗവണ്‍മെന്റ്  ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എട്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ അഞ്ചു കോടി രൂപ കിഫ്ബിയില്‍ നിന്നും രണ്ടുകോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നുമാണ്. ഒരു കോടി രൂപ ഉടന്‍ തന്നെ പ്ലാന്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കും.  നിര്‍മാണം വൈകിച്ച കമ്പനിയെ മാറ്റി സതേണ്‍ ഇന്ത്യാ ലിമിറ്റഡ്  എന്ന പുതിയ കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്.ഇപ്പോള്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. 

പന്തളം തോട്ടക്കോണം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിങ്ങനാട് ടിഎംജിഎച്ച്എസ്എസ്,  കിഴക്കുപുറം  സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൂന്നു കോടി രൂപ വീതം  വിനിയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതി പൂര്‍ത്തീകരിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പണി പൂര്‍ത്തീകരിച്ചു. ഇതിനു പുറമേ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട സംയുക്ത പദ്ധതിയുടെ  എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. എത്രയുംവേഗം ഇതിന്റെ നിര്‍മാണവും പൂര്‍ത്തീകരിക്കും.

കിഫ്ബി ജനറല്‍ മാനേജര്‍മാരായ പി.എ ഷൈല, സുനില്‍കുമാര്‍,  കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിജു ജേക്കബ്, അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിനു, കിറ്റ്‌കോ ഡയറക്റ്റര്‍ രാജേഷ്, കൈറ്റ് പ്രതിനിധികളായ നാരായണസ്വാമി, കൃഷ്ണകുമാര്‍, വാപ്‌കോസ് പ്രതിനിധി ബിജു പ്രകാശ്, പ്രോജക്ട് ഡയറക്ടര്‍ എസ്. ആരതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  

 

date