Skip to main content

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി  ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

 

    ജില്ലയിലെ 41 തദ്ദേശ സ്വയംഭരണ സ്വാപനങ്ങളുടെ 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിലാവ്, ടേക്ക് എ ബ്രേക്ക് പ്രോജക്ട് എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്ന 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്.  33 ഗ്രാമ പഞ്ചായത്തുകളുടെയും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും 2020-2021 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറസിലൂടെ നടന്ന യോഗം അംഗീകാരം നല്‍കി.  പത്തനംതിട്ട നഗരസഭയുടെ 2020 - 21 സാമ്പത്തിക വര്‍ഷത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഏഴ് കോടി രൂപയുടെ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും യോഗത്തില്‍ അംഗീകരിച്ചു.

ജൂണ്‍ മാസം അറിയിപ്പ് നല്‍കിയത് അനുസരിച്ച് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സംയുക്ത പ്രോജക്ട് ഏറ്റെടുക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ആവശ്യപ്പെട്ടിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സേവിംഗ്സ് തുക ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഇനിയുള്ള പ്രോജക്ടുകള്‍ക്ക് തുക അനുവദിക്കുകയുള്ളൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. 

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ എഡിഎം അലക്സ് പി. തോമസ്, ഡിപിസി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date