ഗുണനിലവാരമില്ലാതെ വൈദ്യത കണക്ഷനുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍
ഗാര്‍ഹികമേഖല ഉള്‍പ്പടെയുള്ളവയില്‍ ഗുണനിലവാരമില്ലാത്തതും അപകടസാധ്യതയുള്ളതുമായ രീതിയില്‍ വൈദ്യുത കണക്ഷനുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. വൈദ്യുത അപകടങ്ങളെക്കുറിച്ചും ലഘൂകരണ നിര്‍ദേശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കൂടിയ ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്തണമെന്നും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രകൃതിക്ഷോഭത്തിലും കോവിഡ് സാഹചര്യത്തിലും തടസരഹിതമായി വൈദ്യുതി വിതരണം നിര്‍വഹിച്ച കെ എസ് ഇ ബിയെ കലക്ടര്‍ യോഗത്തില്‍ അഭിനന്ദിച്ചു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സാമൂഹ്യ മാധ്യമ കൂട്ടായ്മകള്‍ വഴി അപകടങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്കിറ്റ്, വീഡിയോ, ചോദ്യോത്തര മത്സരങ്ങള്‍ എന്നിവയിലൂടെയുള്ള ബോധവത്കരണങ്ങളാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത്.
കാലവര്‍ഷക്കെടുതി അടക്കമുള്ള പ്രശ്നങ്ങളില്‍പ്പെട്ട് ഈ വര്‍ഷം 13 മരണങ്ങള് ഉള്‍പ്പെടെ 26 വൈദ്യുത അപകടങ്ങള്‍ ജില്ലയില്‍ ഉണ്ടായി. സ്കൂള്‍, കോളേജ് പരിസരങ്ങളിലെ വൈദ്യുത ലൈനുകള്‍ എ ബി സി(ഏരിയല്‍ ബെഞ്ച് കണ്ടക്ടര്‍) ലൈനുകളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലൈനുകള്‍ കൂട്ടിമുട്ടിയും കാറ്റത്ത് മരച്ചില്ലകള്‍ പതിച്ചും ഉണ്ടാകുന്ന വൈദ്യുതി തടസങ്ങള്‍ ചെറുക്കാന്‍ എ ബി സി ലൈനുകള്‍ക്ക് സാധിക്കും.
അപകടകരമായി റോഡിലുള്ള ലൈനുകളും പോസ്റ്റുകളും നീക്കം ചെയ്യുന്നതോടൊപ്പം കെട്ടുകാഴ്ചപോലുള്ള ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വൈദ്യുത വിതരണം തടസപ്പെടാത്ത രീതിയിലുള്ള ക്രമീകരണങ്ങളും നടപ്പിലാക്കും.
അംഗീകൃത കരാറുകരെ ഉപയോഗിച്ചും ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ചും വൈദ്യുത സുരക്ഷാ ഉപകാരണമായ ഇ എല്‍ സി ബി സ്ഥാപിച്ചും ഒരു പരിധിവരെ വീടുകളിലുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രമം നടത്തും.
സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസന്നകുമാരി, കൊട്ടാരക്കര സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സന്തോഷ്, പുനലൂര്‍ ട്രാന്സ്മിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് റോഡ്-കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 2541/2020)
- Log in to post comments