Skip to main content

ആര്യങ്കാവ് സെന്ററില്‍ നിന്ന് റോയി സാര്‍ പടിയിറങ്ങുന്നു

വിശ്രമരഹിതമായ 150 ദിനങ്ങള്‍ പിന്നിട്ട് റോയ് സര്‍ പടിയിറങ്ങുകയാണ് നിറഞ്ഞ മനസ്സോടെ. ഏവര്‍ക്കും മാതൃകയായി.
മെയ് നാലിന് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായിട്ടാണ്  അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മലയാളികള്‍ക്കായി  ആര്യങ്കാവില്‍ സക്രീനിംഗ് പോയിന്റ് സ്ഥാപിച്ചത്. ഇന്നലെ(സെപ്തംബര്‍ 28) ഇത് സ്ഥാപിതമായിട്ട് 150 ദിവസം പൂര്‍ത്തിയായി. സ്‌ക്രീനിംഗ് പോയിന്റായി പ്രവര്‍ത്തിച്ച സ്‌കൂളിലെ പ്രധാന അധ്യാപകനാണ്  റോയി സാര്‍. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയാണ് കോവിഡ് സെന്ററില്‍  നിന്നും അദ്ദേഹം പടിയിറങ്ങിയത്.
ആര്യങ്കാവില്‍ സെന്റ് മേരീസ് യു പി എസിലും ഗവണ്‍മെന്റ് എല്‍ പി എസിലുമായിട്ടായിരുന്നു  മറുനാടന്‍ മലയാളികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍, എന്‍ട്രി, എക്‌സിറ്റ് പാസുകള്‍ തുടങ്ങിയ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
യാത്രികരുടെ വരവ് കുറഞ്ഞതോടെ സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്‌ക്രീനിങ് സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് ഈ ഉദ്യോഗസ്ഥന്‍ പടിയിറങ്ങുന്നത്. മറ്റു ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവര്‍ത്തനനിരതനായി ചുറുചുറുക്കോടെ ഓടിനടന്നാണ് ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടിയായ വി കെ റോയി എല്ലാവരുടെയും മനസില്‍ ഇടം പിടിച്ചതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  ശക്തമായ സാന്നിധ്യം ആയതും.
നിര്‍ബന്ധിത കോവിഡ് ഡ്യൂട്ടിയില്‍ നിന്നുപോലും ആളുകള്‍ ഒഴിഞ്ഞു മാറുമ്പോള്‍ ഒരു ദിവസം പോലും ഇടവേളയില്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായങ്ങളും എത്തിച്ചു നല്‍കിയാണ് അദ്ദേഹം മാതൃകയായത് എന്നതും ശ്രദ്ധേയമാണ്.
സ്‌കൂളില്‍വച്ചുള്ള സ്‌ക്രീനിംഗ്  അവസാനിപ്പിച്ചുവെങ്കിലും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുന്നണിപ്പോരാളിയായി താനുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.
മറ്റു ചെക്ക് പോസ്റ്റുകളില്‍ നിന്നു വ്യത്യസ്തമായി ആദ്യം മുതല്‍ തന്നെ പരാതികളും തിരക്കുകളുമില്ലാതെ വളരെ സുഗമമായാണ് ആര്യങ്കാവ് അതിര്‍ത്തിയില്‍ ആരോഗ്യ വകുപ്പ്, റവന്യൂ, പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ആര്‍ സന്ധ്യ എന്നിവര്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ അനുമോദനം അറിയിച്ചു. ജില്ലാ മലേറിയ ഓഫീസര്‍  എസ് ഐ ഷാജിലാല്‍    അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2570/2020)

 

date