Skip to main content

പത്തനാപുരത്തും ചടയമംഗലത്തും സബ് ആര്‍ ടി  ഓഫീസുകള്‍ സുതാര്യവും കാര്യക്ഷമവുമായ ജനസേവനത്തിന് പ്രാമുഖ്യം നല്‍കും: മുഖ്യമന്ത്രി

സുതാര്യവും കാര്യക്ഷമവുമായ ജനസേവനത്തിനാണ്   സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി  പത്തനാപുരം, ചടയമംഗലം സബ് റീജിയണല്‍  ട്രാന്‍സ്പോര്‍ട്ട്  ഓഫീസുകളുടെ  ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ സേവനങ്ങള്‍   പ്രാദേശികതലത്തില്‍   ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഓരോ താലൂക്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഒരു ഓഫീസ് എങ്കിലും ഉണ്ടാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍ സുതാര്യവും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സെന്ററുകളും വാഹന ഫിറ്റ്‌നസ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രീകൃത ഓണ്‍ലൈന്‍ വാഹനപുക പരിശോധന സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇവയെല്ലാം കേന്ദ്രീകൃത അടിസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള പോളികാര്‍ബണേറ്റ് കാര്‍ഡ് അധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് സംവിധാനവും ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. സേഫ് കേരള പദ്ധതി വഴി റോഡപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കുണ്ടയം മൂലക്കട ജംഗ്ഷനിലെ വാടക കെട്ടിടത്തിലാണ് പത്തനാപുരം റീജണല്‍ ആര്‍ ടി  ഓഫീസ്(കെ എല്‍ -80) പ്രവര്‍ത്തനം ആരംഭിച്ചത്. വിളക്കുടി, പിറവന്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ഈ ഓഫീസിന്റെ പരിധിയില്‍ വരും.
ചടയമംഗലം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ കെട്ടിടത്തിലാണ് ചടയമംഗലം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്(കെ എല്‍-82). ചടയമംഗലം, ഇളമാട്,  നിലമേല്‍, കടയ്ക്കല്‍,  ഇട്ടിവ, കുമ്മിള്‍, വെളിനല്ലൂര്‍ പഞ്ചായത്തുകളും  10 വില്ലേജുകളും കെ എല്‍-82 ന്റെ ഭാഗമാകും.
കൊല്ലം ഉള്‍പ്പെടെ മൂന്നു ജില്ലകളിലായി നാല് ആര്‍ ടി ഓഫീസുകളാണ് പുതിയതായി ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സബ് ആര്‍ ടി ഓഫീസുകളുടെ എണ്ണം 67 ആയി.
(പി.ആര്‍.കെ നമ്പര്‍ 2585/2020)

 

date