ലൈഫ് മിഷന്‍ : സംസ്ഥാനത്ത് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്നില്‍ വീടുകളുടെ പൂര്‍ത്തീകരണത്തില്‍ സംസ്ഥാനതലത്തില്‍ ജില്ലയ്ക്ക് മൂന്നാംസ്ഥാനം
എല്ലാ ഭവനരഹിതര്‍ക്കും വാസയോഗ്യമായ ഭവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍ പദ്ധതിയില്‍ ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിച്ച് മുന്നേറുന്നു. വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണെന്ന് ലൈഫ് മിഷന്‍ ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ എന്നിവര്‍ അറിയിച്ചു.
വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ജില്ല സംസ്ഥാനത്ത് മൂന്നാംസ്ഥാനത്ത്
കഴിഞ്ഞ ദിവസം 4 മണിവരെയുളള ലൈഫ് മിഷന്‍ കണക്ക് പ്രകാരം വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ജില്ല സംസ്ഥാനത്ത് മൂന്നാംസ്ഥാനത്താണ്. ജില്ലയില്‍ 1449 വീടുകളാണ് പദ്ധതിയിലുളളത്. ഇതില്‍ 524 വീടുകള്‍ പൂര്‍ത്തീകരിച്ചു(36.16%). തിരുവനന്തപുരം (39.52%) എറണാകുളം (38.71%) കഴിഞ്ഞാല്‍ വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണ്.
ബ്ലോക്ക് പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്
സംസ്ഥാനത്ത് ബ്ലോക്കുകളില്‍ ഏറ്റവും കൂടുതല്‍ പൂര്‍ത്തീകരണ ശതമാനം പത്തനംതിട്ട ജില്ലയിലെ ബ്ലോക്കുകള്‍ക്കാണ് (59.36%). ജില്ലയിലെ എട്ട് ബ്ലോക്കുകളിലായി ആകെയുളള 625 വീടുകളില്‍ 371 എണ്ണം പൂര്‍ത്തീകരിച്ചു. മല്ലപ്പളളി (84%), കോന്നി (80%) ബ്ലോക്കുകളാണ് ജില്ലയില്‍ പൂര്‍ത്തീകരണത്തില്‍ മുന്നേറുന്നത്. പന്തളം, പറക്കോട് ബ്ലോക്കുകളിലാണ് പൂര്‍ത്തീകരണം ഏറ്റവും കുറവുളളത്. 48% വീതം വീടുകളാണ് ഇവിടങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുളളത്. ഇലന്തൂര്‍ (75),കോയിപ്രം (71), പുളിക്കീഴ് (61), റാന്നി (50) എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ പൂര്‍ത്തീകരണ ശതമാനമെന്ന് ലൈഫ് മിഷന്‍ ജില്ലാ കണ്‍വീനറായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.
നഗരസഭകളില്‍ തിരുവല്ല മുന്നില്‍
നഗരസഭകളില്‍ 150 വീടുകളാണുളളത്. ഇതില്‍ 51 വീടുകള്‍ (34%) വീടുകള്‍ പൂര്‍ത്തീകരിച്ചു. തിരുവല്ല നഗരസഭയാണ് (66.66%) പൂര്‍ത്തീകരണത്തില്‍ മുന്നില്‍. തിരുവല്ലയില്‍ 45 ല്‍ 30 വീടുകള്‍ പൂര്‍ത്തീകരിച്ചു. പത്തനംതിട്ട നഗരസഭയില്‍ 72 ല്‍ 21 വീടുകള്‍ (29.16%) പൂര്‍ത്തീകരിച്ചു. 33 വീടുകളുളള അടൂര്‍ നഗരസഭയില്‍ ഒരു വീടുപോലും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. പന്തളം നഗരസഭയില്‍ പൂര്‍ത്തീകരിക്കാത്ത വീടുകള്‍ പന്തളം ബ്ലോക്കിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ 161 ല്‍ 43 വീടുകളും (26.70%), പട്ടികജാതി വികസന വകുപ്പ് 402 ല്‍ 27 വീടുകളും (6.71%) പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 110 ല്‍ 32 വീടുകളുമാണ് (29.09%) പൂര്‍ത്തീകരിച്ചിട്ടുളളത്. മാര്‍ച്ച് 31 നകം എല്ലാ വീടുകളും പൂര്‍ത്തീകരിക്കുന്നതിനുളള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ലൈഫ് മിഷന്‍ കണ്‍വീനറായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു
ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം ലഭ്യമാക്കുന്ന പദ്ധതിയായതിനാല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെയുളള പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും നിര്‍ദ്ദേശിച്ചു. ലൈഫ് മിഷന്‍ പട്ടിക പ്രകാരം ജില്ലയില്‍ 7618 ഭൂരഹിതരും 4178 ഭൂമിയുളള ഭവനരഹിതരും ഉണ്ട്. ഭൂമിയുളള എല്ലാ ഭവനരഹിതര്‍ക്കും വീടുകള്‍ നല്‍കുന്നതിനാണ് അടുത്ത വര്‍ഷം മുന്‍ഗണന. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ 20 ശതമാനത്തോളം തുക ഇതിനായി മാറ്റിവെക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുളളവര്‍ക്ക് വാസയോഗ്യമായ ഫ്‌ളാറ്റ് ഉള്‍പ്പെടെയുളള ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി. ഇതനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കണം. ഭൂമിയുളള എല്ലാ ഭവന രഹിതര്‍ക്കും അടുത്ത വര്‍ഷം വീടുകള്‍ നല്‍കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ രണ്ടാംഘട്ട ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് സജീവമായ ഇടപെടല്‍ ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂരഹിത ഭവനരഹിതര്‍ക്ക് ക്ലസ്റ്റര്‍ വീടുകളും ഭവന സമുച്ചയങ്ങളും നിര്‍മ്മിച്ചു നല്‍കാനാണ് ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ലൈഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റാണി സജീവ് പറഞ്ഞു.
- Log in to post comments