Skip to main content

ഭക്ഷ്യധാന്യം ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി - മന്ത്രി പി. തിലോത്തമന്‍ * വലിയതുറ സപ്ലൈകോ ഗോഡൗണിന് ശിലയിട്ടു

സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യം ഒരുമണി അരിപോലും ചോരാതെ ജനങ്ങളിലെത്തിക്കാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വലിയതുറയില്‍ സപ്ലൈകോയുടെ പുതിയ പൊതു വിതരണ ശൃംഖല ഗോഡൗണിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊത്തവിതരണക്കാര്‍ വഴി റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യുന്ന സമ്പ്രദായം ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതോടെ അവസാനിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ എഫ്.സി.ഐയില്‍ നിന്ന് റേഷന്‍കടകള്‍ വരെ എത്തിക്കുന്നതിനാല്‍ മുന്‍പുണ്ടായിക്കൊണ്ടിരുന്ന ചോര്‍ച്ചകള്‍ ഒഴിവാക്കാനാകും. 

ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യം ശേഖരിച്ച് വിതരണം ചെയ്യാനാണ് പുതിയ ഗോഡൗണുകള്‍ നിര്‍മിക്കുന്നത്. പുതിയ ഗോഡൗണ്‍ വലിയതുറയില്‍ യാഥാര്‍ഥ്യമാകുന്നതോടെ നഗരത്തിലേക്കും തിരുവനന്തപുരം ജില്ലയിലേക്കും ആവശ്യമായ ഭക്ഷ്യധാന്യം ശേഖരിക്കാന്‍ സൗകര്യമാകും. എല്ലാ താലൂക്കുകളിലും ഗോഡൗണുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി സ്ഥലം കണ്ടെത്തി നല്‍കാന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റേഷന്‍ കടകള്‍ കൂടി ഉടന്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതോടെ സുതാര്യത വര്‍ധിപ്പിക്കാനും ഭക്ഷ്യധാന്യം കൃത്യമായി അര്‍ഹര്‍ക്ക് എത്തുന്നുവെന്ന്  ഉറപ്പാക്കാനുമാകും. അര്‍ഹതപ്പെട്ട ധാന്യം പാഴാക്കാതെ വാങ്ങാന്‍ എല്ലാ ഉപഭോക്താക്കളും ശ്രദ്ധിക്കണം.

റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് പ്രധാന തീരുമാനമാണ്. ഇതിനുപുറമേ, റേഷന്‍കടകള്‍ വൈവിധ്യവത്കരിച്ച് ആകര്‍ഷകമാക്കിയാല്‍ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനുള്ള സൗകര്യമൊരുക്കും. ഇതും വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കും. 

പൊതുവിതരണ സമ്പ്രദായം ശക്തമായി നിലനില്‍ക്കുന്നതിലാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേരളത്തില്‍ കഴിയുന്നത്. 

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു നേരത്തെ ഭക്ഷണം കഴിക്കാനാകാത്ത ആളുകള്‍ക്ക് സൗജന്യമായോ, സൗജന്യനിരക്കിലോ ആഹാരം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നുണ്ട്. ആദ്യഘട്ടനടപടികള്‍ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ ഷാജിതാ നാസര്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നരസിംഹഗാരു ടി.എന്‍. റെഡ്ഢി, വിവിധ തൊഴിലാളി സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

വലിയതുറ ഡിപ്പോയില്‍ മൂന്നാം നമ്പര്‍ ഗോഡൗണാണ് പുതുതായി നിര്‍മിക്കുന്നത്. 2324.97 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഗോഡൗണും, 53.28 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഓഫീസുമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 

പി.എന്‍.എക്‌സ്.4799/17

date