വായ്പാത്തട്ടിപ്പില്‍ കിടപ്പാടം നഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ പാക്കേജ് തയ്യാറാക്കും
എറണാകുളം ജില്ലയില്‍ 2008-2009 ല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വായ്പ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട പതിനേഴ് കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചു ലഭിക്കുന്നതിനാവശ്യമായ ഒത്തുതീര്‍പ്പ് പാക്കേജ് തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി ഇതു സംബന്ധിച്ച പാക്കേജ് തയ്യാറാക്കണമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ പട്ടിക ജാതി - പട്ടികവര്‍ഗ്ഗ വികസന മന്ത്രി എ.കെ. ബാലന്‍, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം മേഖല ഐ.ജി. പി. വിജയന്‍, എറണാകുളം കലക്ടര്‍ മുഹമ്മദ് സഫറുള്ള, മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി. എം.ശിവശങ്കര്‍, ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഒത്തുതീര്‍പ്പ് പാക്കേജ് ഉണ്ടാക്കുമ്പോള്‍ തന്നെ തട്ടിപ്പുകാര്‍ക്ക് എതിരായ ക്രിമിനല്‍ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പാവങ്ങളെ വഞ്ചിച്ചവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. വായ്പ കൊടുത്ത ബാങ്കുകളിലെ ചിലരും തട്ടിപ്പിന് സഹായിച്ചിട്ടുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് നിയമ സഹായം നല്‍കാനും തീരുമാനിച്ചു. കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്ന് മുഖ്യന്ത്രി അറിയിച്ചു.
വല്ലാര്‍പ്പാടം ദ്വീപിലെ പനമ്പുകാട്, കാക്കനാട്ടെയും ഇരുമ്പനത്തേയും ദലിത് കോളനികള്‍, പുതുവൈപ്പ്, ഞാറയ്ക്കല്‍, ആമ്പല്ലൂര്‍, കോട്ടയം ജില്ലയിലെ കരിപ്പാടം എന്നിവിടങ്ങളിലാണ് ഏറെക്കുറെ സമാനമായ വായ്പാത്തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയായ പതിനേഴ് കുടുംബങ്ങളില്‍ പതിനൊന്നും ദലിത് വിഭാഗത്തില്‍പ്പെട്ടവരാണ്. അത്യാവശ്യത്തിന് വായ്പ കിട്ടാതെ വിഷമിച്ച അവസ്ഥയില്‍ ഭൂമിയുടെ ആധാരം ഈടിന്‍മേല്‍ വായ്പ ശരിയാക്കിക്കൊടുക്കുമെന്ന് പരസ്യപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ പാവങ്ങളെ കെണിയില്‍ വീഴ്ത്തിയത്. അര ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെ വായ്പ നല്‍കി ഇവരുടെ കിടപ്പാടത്തിന്റെ ആധാരം ഇടനിലക്കാര്‍ കൈവശപ്പെടുത്തി. അതിനുശേഷം ഈ ആധാരങ്ങള്‍ പണയപ്പെടുത്തി ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ഭൂമി പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ തുടങ്ങി. ചതിയില്‍പ്പെട്ട രണ്ടു പേര്‍ ഈ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ആറുപേര്‍ അകാലചരമം അടഞ്ഞു. ഈ വിഷമ സ്ഥിതിയില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചത്.
തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പതിനെട്ടു കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഐ.ജി. വിജയന്‍ യോഗത്തില്‍ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിലാണ്. സിന്റിക്കേറ്റ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എല്‍.ഐ.സി., ഹൗസിംഗ് ഫിനാന്‍സ്, കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക്, എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ. തുടങ്ങിയ ബാങ്കുകളാണ് വായ്പ കൊടുത്തത്. പാവങ്ങള്‍ക്ക് ഭൂമി തിരിച്ച് ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ പരമാവധി വിട്ടുവീഴ്ച ചെയ്യണമെന്ന് മുഖ്യന്ത്രി നിര്‍ദ്ദേശിച്ചു.
പി.എന്‍.എക്‌സ്.4800/17
- Log in to post comments