Skip to main content

വിമര്‍ശകര്‍ക്കായി ചൂണ്ടിക്കാണിക്കാന്‍ വികസനങ്ങള്‍ അനവധി - മന്ത്രി കെ രാജു

കിഫ്ബി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിക്കുന്നവര്‍ക്കായി ചൂണ്ടിക്കാണിക്കാന്‍ ജില്ലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനവധിയുണ്ടെന്ന് വനം മന്ത്രി കെ രാജു. കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പു എസില്‍ പഴയ കെട്ടിടത്തിന് പിന്നിലായി പുതിയ കെട്ടിടം സ്ഥാപിക്കുമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കുളത്തൂപ്പുഴ സര്‍ക്കാര്‍ യു പി എസില്‍ രണ്ട് കോടി രൂപ ചെലവില്‍ പണിത കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച സ്‌കൂളുകളില്‍ ഒട്ടനവധി കിഫ്ബി ഫണ്ടില്‍ നിര്‍മിച്ചവയാണ്. മലയോര ഹൈവേയും ഇതേ ഫണ്ടിലാണ് നിര്‍മ്മിച്ചത്.ഒരു വര്‍ഷം കൊണ്ടാണ് കുളത്തൂപ്പുഴ സ്‌കൂളില്‍ മൂന്നുനില കെട്ടിടം നിര്‍മിച്ചത്. ഇതൊക്കെ ഒന്നു ചൂണ്ടിക്കാണിച്ചാല്‍ മതി വിമര്‍ശകര്‍ക്ക് മറുപടിയായി, മറിച്ച് വാദങ്ങള്‍ നിരത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
അഞ്ചല്‍, ഏരൂര്‍, ഒറ്റയ്ക്കല്‍, പുനലൂര്‍ സ്‌കൂളികളിലും മൂന്നു കോടി വീതം ചെലവഴിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന കാലം കഴിഞ്ഞതിന്റെ തെളിവാണ് പുതിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നും മന്ത്രി പറഞ്ഞു. 12 ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടത്തിന് ശില പാകിയത് 2019 മാര്‍ച്ചിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം ജി രവീന്ദ്രന്‍ പിള്ള, പി.ടി.എ പ്രസിഡന്റ് സാബു എബ്രഹാം, എ.ഇ.ഒ നിസാമുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2632/2020)
 
 

date