കോവിഡ്: ഓഫീസുകളില്‍ നടപടിക്രമങ്ങള്‍ പാലിക്കണം
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് വിവിധ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ഉടന്‍ ഓഫീസ് അടച്ച് അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി 24 മണിക്കൂര്‍ അടച്ചിടണം. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പ്രാഥമിക, ദ്വിദീയ സമ്പര്‍ക്ക പട്ടിക പൂര്‍ണമായും തയ്യാറാക്കണം.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഹൈറിക്‌സ് ആള്‍ക്കാരുടെ(രോഗിയുമായി സാമൂഹിക അകലം പാലിക്കാതെ ഇടപെട്ടിട്ടുള്ളവരും സ്പര്‍ശിക്കാന്‍ ഇടയായവരും) പട്ടിക സ്വാബ് പരിശോധനയ്ക്കായി ncovcontrolroomkollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം. സ്വാബ് പരിശോധന ഫലം വരുന്നതുവരെ ഇവര്‍ ക്വാറന്റയിനില്‍ കഴിയണം.
ഓഫീസ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് പ്രോട്ടോകോളും സാമൂഹിക അകലവും പാലിച്ചാവണം പ്രവര്‍ത്തിക്കേണ്ടത്. ജീവനക്കാര്‍ കൂട്ടംകൂടിയിരുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സ്വാബ് പരിശോധനയ്ക്ക് വിധേയമാകണമെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2635/2020)
- Log in to post comments