Skip to main content

പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ കര്‍ശന നിരീക്ഷണത്തില്‍ തുടരണം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

രോഗവ്യാപനമേറിവരുന്ന സാഹചര്യത്തില്‍ കോവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ 14 ദിവസം കര്‍ശനമായും  നിരീക്ഷണത്തില്‍ തുടരണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീരപ്രദേശങ്ങളില്‍ ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക്  ആവശ്യമായ സൗകര്യങ്ങള്‍  ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.
രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളുന്നതിന് പഞ്ചായത്ത് തലങ്ങളില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗങ്ങള്‍ ഉടന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങളും സംരക്ഷിത കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും കലക്ടര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ജില്ലയില്‍ നിലവിലെ രോഗബാധയെ സംബന്ധിച്ച  വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസറുടെയും റൂറല്‍ പൊലീസ് മേധാവിയുടേയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി യോഗം വിലയിരുത്തി.
സമ്പര്‍ക്ക വ്യാപനം തടയുന്ന തരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഘടനാ പ്രവര്‍ത്തകരുടെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് യോഗത്തില്‍ പങ്കെടുത്ത മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ പറഞ്ഞു. നിയോജകമണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥതലത്തില്‍  സ്വീകരിക്കേണ്ട അടിയന്തര നിര്‍ദേശങ്ങള്‍ എം എല്‍ എ മാരായ എം നൗഷാദും, ആര്‍ രാമചന്ദ്രനും യോഗത്തില്‍ അവതരിപ്പിച്ചു. രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിതിഗതികള്‍ മേയര്‍ ഹണി ബെഞ്ചമിന്‍ മന്ത്രിയെ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉന്നത തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2639/2020)

 

date