Skip to main content

പുത്തന്‍ ആശയങ്ങള്‍ക്ക് പ്രചോദനമേകാന്‍ പ്രദര്‍ശനം

യുവാക്കളിലെ നവീന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ മാര്‍ച്ച് 24ന് കനകക്കുന്നില്‍ നാല്പതോളം വികസന മാതൃകകളുടെ പ്രദര്‍ശനം നടക്കും. കേരളാ ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സി (കെ-ഡിസ്‌ക്) ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം നടക്കുന്നത്.
    ദൈനംദിന ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുന്നതിന് സഹായകമാകുന്ന തരം ആശയങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കുവയ്ക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മാന്‍ഹോളിലെ വെള്ളത്തിലും മാലിന്യത്തിലും ഇനി മനുഷ്യന്‍ ഇറങ്ങി പണിയെടുക്കേണ്ടി വരില്ല, മാന്‍ഹോളുകളെ റോബോഹോളുകളാക്കി മാറ്റാം. മനുഷ്യര്‍ക്ക് പകരം മാന്‍ഹോള്‍ വൃത്തിയാക്കാന്‍ സാധിക്കുന്ന ജനറോബോട്ടിക്സിനെ കുറിച്ച് പ്രദര്‍ശനത്തിലൂടെ കൂടുതല്‍ അറിയാം. ശരീരത്തിന്റെ അളവുകള്‍ മെഷറിങ് ടേപ്പിന്റെ സഹായമില്ലാതെ തന്നെ മനസിലാക്കാന്‍ സാധിക്കുന്ന വിര്‍ച്വല്‍ ട്രയല്‍ റൂം, കടലാഴങ്ങളിലെ രഹസ്യങ്ങളറിയാന്‍ ഡ്രോണ്‍, ശരീരത്തില്‍ ഘടിപ്പിക്കാനാകുന്ന ഇ.സി.ജി. ഉപകരണം, അടിയന്തിര സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന സൈബര്‍ മങ്കി എന്നിവയെ പ്രദര്‍ശനത്തില്‍ പരിചയപ്പെടാം.
    വീട് വയ്ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ വെറുതേ ഊഹം വച്ച് സാധനങ്ങള്‍ വാങ്ങേണ്ടതില്ല. ലഭ്യമായ സാധനങ്ങളില്‍ നിന്നും വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ നേരിട്ട് ബോധ്യപ്പെട്ട ശേഷം മാത്രം ഏറ്റവും മികച്ചതെന്ന് തോന്നുന്നവ വാങ്ങിയാല്‍ മതിയാകും. ഷോപ്പിങ്ങില്‍ പരിചിതമല്ലാത്ത പുതുമയൊരുക്കുകയാണ് 'ബില്‍ഡ് നെക്സ്റ്റ്'. അംഗപരിമിതി ഉള്ളവര്‍ക്ക് കൂടുതല്‍ ചലനസ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന വീല്‍ ചെയര്‍, കാലുകള്‍ക്ക് അധികം ആയാസം കൊടുക്കാതെ സഞ്ചരിക്കാന്‍  സഹായിക്കുന്ന 'ഈസി മൂവര്‍' എന്നിവ ശാരീരിക പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ്. പേറ്റന്റ് ലഭിച്ച ആശയങ്ങളും പ്രദര്‍ശനത്തിലെത്തുന്നു. ശനിയാഴ്ച രാവിലെ 10 മുതലാണ് പ്രദര്‍ശനം.
പി.എന്‍.എക്‌സ്.1068/18
 

date