അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 6)
ജില്ലയില്‍ പുതുതായി പ്രവര്‍ത്തന സജ്ജമായ അഞ്ച് കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്(ഒക്ടോബര്‍ 6) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും.
ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 36 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ട വള്ളിക്കാവ്, അഴീക്കല്‍, ആലപ്പാട്, പടിഞ്ഞാറെ കല്ലട, ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നിര്‍വ്വഹിക്കുന്നത്. ഇതോടെ രണ്ടു ഘട്ടങ്ങളിലായി 19 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായത്.
പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരവുമുള്ള ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി താഴെത്തട്ട് മുതല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നത്.
മികച്ച ഒ പി സൗകര്യം, ലബോറട്ടറി സേവനങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പ്രത്യേകം സജ്ജമാക്കിയ ക്ലിനിക്കുകള്‍, മാതൃശിശു സൗഹൃദ ഏരിയ, കാത്തിരുപ്പ് കേന്ദ്രം എന്നിവ ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തയ്യാറാക്കിയിട്ടുള്ളത്.
(പി.ആര്.കെ നമ്പര്‍ 2660/2020)
- Log in to post comments