കരുനാഗപ്പള്ളിയില്‍ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിനു സമര്‍പ്പിച്ചു
ആരോഗ്യ മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ കരുനാഗപ്പള്ളിയില്‍ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി. ആലപ്പാട്, അഴീക്കല്‍, വള്ളിക്കാവ് എന്നീ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിച്ചത്.
അഴീക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 18.3 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചത്. ആലപ്പാട്, വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ആരോഗ്യകേരളം ഫണ്ടില്‍നിന്നുമാണ് തുക നല്‍കിയത്. 9.7 ലക്ഷം രൂപ ചെലവഴിച്ചാണ് ആലപ്പാട് കേന്ദ്രം പൂര്‍ത്തീകരിച്ചത്. 12.7 ലക്ഷം രൂപയായിരുന്നു വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ധനസഹായം. കൂടാതെ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടും എഫ് എച്ച് സിക്കായി ഉപയോഗിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിലും രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ഓപ്പണ്‍ ഹാള്‍, വിപുലമായ ലാബ് സെന്റര്‍, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫാര്‍മസി സൗകര്യം എന്നിവ മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ എന്നിവരെയും പുതിയതായി നിയമിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതാ മുതല്‍ വൈകിട്ട് നാലുവരെ ഡോക്ടറുടെ സേവനവും ലാബ് സൗകര്യവും ലഭ്യമാണ്. തൈറോയ്ഡ് ഒഴിച്ചുള്ള എല്ലാവിധ ടെസ്റ്റുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടത്താം. മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്, 'ശ്വാസ്' എന്ന പേരില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ക്ലിനിക്, 'ആശ്വാസ്' എന്ന പേരില്‍ വിവിധ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രത്യേക ക്ലിനിക് എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ആലപ്പാട് എഫ് എച്ച് സിയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷെര്‍ളി ശ്രീകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍ സുഹാസിനി, വാര്‍ഡ് മെമ്പറന്‍മാരായ ജയകുമാര്‍, ഉണ്ണികൃഷണന്‍ മെഡിക്കല്‍ ഓഫീസര്‍ മേഴ്‌സി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഴീക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എ എം ആരിഫ് എം പി ശിലാഫലകം അനാച്ഛാദനം ചെയ്തു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് പി സെലീന, വൈസ് പ്രസിഡന്റ് എം ബി സഞ്ചീവ്, ബ്ലോക്ക് മെമ്പര്‍മാരായ ഷെര്‍ളി ശ്രീകുമാര്‍, വി സാഗര്‍, പഞ്ചായത്തംഗങ്ങളായ സലിന, ബേബി, മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം എ എം ആരിഫ് എം പി അനാച്ഛാദനം ചെയ്തു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാല്‍, വൈസ് പ്രസിഡന്റ് ശ്രീകല, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഗീത, മെഡിക്കല്‍ ഓഫീസര്‍മാരായ ജ്യോതിലക്ഷമി, ഡോ ശ്രീകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2678/2020)
- Log in to post comments