Skip to main content

തീരത്ത് കോവിഡ് തടയാന്‍ നിര്‍ദേശങ്ങളുമായി കലക്ടര്‍    

തീരദേശത്തും കോളനികളിലും കോവിഡ് പടരുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. രോഗബാധയുള്ളവരും ഇല്ലാത്തവരും ഒരു കുടുംബത്തില്‍ ഒരേ ശൗചാലയം ഉപയോഗിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായും രോഗി ഉപയോഗിച്ചശേഷം ശൗചാലയം ഓരോ തവണയും അണുമുക്തമാക്കണമെന്ന നിര്‍ദേശം പ്രായോഗികമായി നടക്കുന്നില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. ഇത് രോഗവ്യാപനത്തിന് കാരണമാകുന്നു. പരിഹാരമായി മതിയായ സൗകര്യങ്ങളില്ലാത്ത വീടുകളില്‍ രോഗബാധയുണ്ടാവുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേകം സ്റ്റെപ് ഡൗണ്‍ സി എഫ് എല്‍ ടി സി കള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്കും വേണ്ടി മാത്രമാണ് പ്രത്യേക സൗകര്യം. ഒരു വെല്‍ഫെയര്‍ ഓഫീസര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലുള്ള ജീവനക്കാരന്‍, ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ പ്രത്യേക കേന്ദ്രത്തിന്റെ ചുമതല ഏല്‍പ്പിക്കണം. ഭക്ഷണം, മരുന്ന് എന്നിവയും എത്തിക്കണം. ഈ രീതി തുടര്‍ന്നാല്‍ കോളനികള്‍, തീരദേശം എന്നിവിടങ്ങളില്‍ രോഗബാധ പിടിച്ചു കെട്ടാനാകുമെന്നും കലക്ടര്‍ അറിയിച്ചു.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഗൂഗിള്‍ മീറ്റിലാണ് നിര്‍ദ്ദേശങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വീടുകളിലെ അവസ്ഥ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം നിര്‍ദേശിക്കുന്നതെന്ന് അറിയിച്ച് യോഗത്തിലുയര്‍ന്ന തടസവാദങ്ങള്‍ കലക്ടര്‍ തള്ളിക്കളഞ്ഞു.
ബോധവത്കരണത്തിനും പരിശോധനയ്ക്കും മറ്റെല്ലാം മാറ്റിവച്ച് നേരിട്ട് ഇറങ്ങിയ കലക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അഭിനന്ദിച്ചു. ആദ്യപരിശോധനയ്ക്ക് ശേഷം നടന്ന പരിശോധനകളില്‍ നിയമ ലംഘനം കുറഞ്ഞുവരുന്നതായും മാസ്‌ക്ക് താഴ്ത്തിയിട്ട ശേഷം പൊലീസിനെ കാണുമ്പോള്‍ മാത്രം ഉയര്‍ത്തിവെക്കുന്നവരെ ഉള്‍പ്പടെ പിടികൂടി പിഴ ഒടുക്കിയതായും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. നാടൊട്ടാകെ ഒരു മഹാമാരിയെ നേരിടുമ്പോള്‍ നിസാര വീഴ്ചകള്‍ കാട്ടി പരാതിപ്പെടാന്‍ ആരും മുതിരരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.
ആര്‍ ഡി ഒ ശിഖാ സുരേന്ദ്രന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് മുക്തമാകുന്ന  പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷിത കുടുംബ കൂട്ടായ്മകള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍,  സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ വസന്തദാസ്, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, മറ്റ് വകുപ്പുതല ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2693/2020)

 

date