Skip to main content

ഗാര്‍ഹിക-വ്യാവസായിക സേവനങ്ങള്‍ക്ക് 'സ്‌കില്‍ രജിസ്ട്രി'

പൊതുജനങ്ങള്‍ക്ക് ഗാര്‍ഹിക-വ്യാവസായിക മേഖലകളിലെ  വിദഗ്ധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ അപ്ലിക്കേഷനായ 'സ്‌കില്‍ രജിസ്ട്രി'. തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള അക്കാദമി ഫോര്‍ സ്‌കില്‍സ്  എക്‌സലന്‍സിന്റെയും തദ്ദേശ സ്വയംഭരണ-വ്യവസായിക-എംപ്ലോയ്‌മെന്റ്  വകുപ്പുകളുടേയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ തയ്യാറാക്കിയ ഈ ആപ്ലിക്കേഷന്‍ വഴി പ്ലംബിങ്, ഇലക്ട്രിക്കല്‍, പെയിന്റിംഗ്, ഡ്രൈവിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ തിരിച്ചുവന്ന പ്രവാസികള്‍ക്കും തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും സേവനങ്ങള്‍ക്ക് തൊഴിലാളികളെ തേടുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.  സേവനദാതാക്കള്‍ക്കും  ഉപഭോക്താക്കള്‍ക്കും  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന്  അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി  രജിസ്റ്റര്‍ ചെയ്യാം.
തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ 'സര്‍വീസ് പ്രൊവൈഡര്‍' ആയും ഇവരുടെ സേവനം ആവശ്യമുള്ളവര്‍ 'കസ്റ്റമര്‍' ആയും ആണ് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍  ചെയ്യേണ്ടത്. കസ്റ്റമറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമായ സര്‍വീസ് പ്രൊവൈഡേഴ്‌സിനെ  സ്വയം കണ്ടെത്തുന്ന തരത്തിലാണ് അപ്ലിക്കേഷന്റെ രൂപകല്‍പ്പന.
സര്‍വീസ് പ്രൊവൈഡര്‍ തങ്ങളുടെ സേവന മേഖല, പ്രവൃത്തി പരിചയം,  സര്‍ട്ടിഫിക്കറ്റ്(ഒന്നില്‍കൂടുതല്‍ മേഖലകളില്‍ പ്രവൃത്തി പരിചയമുണ്ടെങ്കില്‍  ഓരോന്നും വെവ്വേറെ), സേവനം ലഭ്യമാകുന്ന സ്ഥലങ്ങള്‍, സര്‍വീസ് ചാര്‍ജ്, ഫോട്ടോ തിരിച്ചറിയല്‍ രേഖ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. കസ്റ്റമര്‍ തങ്ങളുടെ മൊബൈല്‍ നമ്പറും  അടിസ്ഥാന വിവരങ്ങളും ആപ്ലിക്കേഷനില്‍ ഉള്‍പ്പടുത്തണം.
വിശദവിവരങ്ങള്‍ക്ക് 7306461894, 0471-2735949 എന്നീ നമ്പറുകളിലോ skillreg.kase@kerala.gov.in എന്ന മെയില്‍ ഐ ഡി യിലോ ഐ ടി ഐകളിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 2698/2020)

date