Skip to main content

ജലജീവന്‍ പദ്ധതിക്ക് കൊട്ടാരക്കരയില്‍   തുടക്കമായി

എല്ലാ ഗ്രാമീണ വീടുകളിലും  ശുദ്ധജല കണക്ഷന്‍  എത്തിക്കുന്ന ജലജീവന്‍ പദ്ധതിക്ക് കൊട്ടാരക്കര മണ്ഡലത്തില്‍ തുടക്കമായി. സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. 2024 ആകുമ്പോഴേക്കും   സംസ്ഥാനത്തെ എല്ലാ ഗ്രാമീണ  വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുകയാണ് ജലജീവന്‍ പദ്ധതിയുടെ ലക്ഷ്യം മുഖ്യമന്ത്രി പറഞ്ഞു. വേനല്‍ക്കാലത്ത് ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 21,42,000 ഗാര്‍ഹിക പൈപ്പ്  കണക്ഷനാണ് നല്‍കുക. നിലവിലുള്ള ശുദ്ധജല പദ്ധതികളുടെ ശേഷി വര്‍ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിലും ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. പദ്ധതിയുടെ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള വിതരണ മേഖലയില്‍ സര്‍ക്കാരിന്റെ വിജയകരമായ കാല്‍വെയ്പ്പാണ് ജലജീവന്‍ പദ്ധതി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ വീടുകളിലും പൈപ്പ് ലൈന്‍ വഴി ശുദ്ധജലം എത്തിക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള മണ്ഡലമായി കൊട്ടാരക്കര മാറുമെന്നും മന്ത്രി പറഞ്ഞു.
ഏഴ് പഞ്ചായത്തുകളിലായി 59,249 വീടുകളാണ് മണ്ഡലത്തില്‍. ഇതില്‍ 4,724 വീടുകളിലാണ് നിലവില്‍ കുടിവെള്ള കണക്ഷനുള്ളത്. കുളക്കട, മൈലം,  വെളിയം,  ഉമ്മന്നൂര്‍, എഴുകോണ്‍, കരീപ്ര എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള ഭരണാനുമതി ലഭ്യമായി. നെടുവത്തൂര്‍ പഞ്ചായത്തിലെ 580 വീടുകളില്‍ നിലവിലെ വിതരണ ശൃംഖലയില്‍ നിന്നും കണക്ഷന്‍ നല്‍കുന്നതിനായി 97 ലക്ഷം രൂപയാണ് ധനസഹായം. നാല് മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ജല അതോറിറ്റിക്കാണ്  പദ്ധതിയുടെ നിര്‍വഹണ ചുമതല.
നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പി അയിഷാപോറ്റി എം എല്‍ എ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ശ്രീകല, വൈസ് പ്രസിഡന്റ് ഡി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എസ് പുഷ്പാനന്ദന്‍, ഗ്രാമപഞ്ചായത്ത് അംഗം ബി വിജയന്‍ പിള്ള, പഞ്ചായത്ത് സെക്രട്ടറി എം ജയകുമാര്‍, ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2703/2020)

date