Skip to main content

എറണാകുളം അറിയിപ്പുകള്‍

വടക്കേക്കരയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി

 

എറണാകുളം: തീരദേശ ഗ്രാമമായ വടക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു.

 

ഹൈറേഞ്ചുകളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികളായ കേബേജ് , കോളിഫ്ലവർ, ബ്രക്കോളി മുതലായവ ഇനി വടക്കേക്കരയിൽ വിളയും. ചൂട് കാലാവസ്ഥയിൽ വളരുന്ന ഉഷ്ണമേഖലാ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ഇരുപതു വാർഡുകളിലും നടാനാവശ്യമായ ശീതകാല പച്ചക്കറിത്തൈകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. വടക്കേക്കര കൃഷിഭവൻ്റെ തൈ ഉൽപ്പാദക നഴ്സറിയിലാണ് ഇവ ഉൽപ്പാദിപ്പിച്ചത്.

 

കൊട്ടുവള്ളിക്കാട് നെന്മണി കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനത്തിൽ പഞ്ചായത്ത് അംഗം ശ്രീദേവീ സനോജ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

 

ഓൾഡ് ഏജ് നഴ്സിങ്ങ് ഹോം നടത്തിപ്പിന് താല്പര്യപത്രം ക്ഷണിച്ചു

 

എറണാകുളം: മറവിരോഗം ബാധിച്ച വയോജനങ്ങളെയും 80 വയസു കഴിഞ്ഞ വയോജനങ്ങളെയും സംരക്ഷണം നൽകി പരിചരിക്കുന്നതിനായി ഓൾഡ് ഏജ് നഴ്സിങ്ങ് ഹോം നടത്താൻ സന്നദ്ധ സംഘടനകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാകണം. ആറാട്ടുപുഴയിൽ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സാമൂഹ്യ നീതി വകുപ്പിൻ്റെ കെട്ടിടത്തിൽ താമസിക്കുന്നവർക്കാണ് പരിചരണം നൽകേണ്ടത്. പ്രൊപ്പോസലുകൾ ഒക്ടോബർ 10 ന് മുൻപ് സാമൂഹ്യനീതി ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും

\

അതിഥി കണ്ട്രോൾ റൂം ആരംഭിച്ചു

 

ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ അതിഥി കണ്ട്രോൾ റൂം തുടങ്ങി. കോവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളികളെ കണ്ട്രോൾ റൂമിൽ നിന്ന് നേരിട്ട്  വിളിച്ച്, ഡോക്ടറുടെ സേവനം ആവശ്യമുള്ളവരെയും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടവരെയും അതിനുള്ള സൗകര്യം ഒരുക്കുന്നതിനായാണ്‌ കോൾ സെന്റർ സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈൻ ഇരിക്കുന്നവർക്കും കണ്ട്രോൾ റൂമിലേക്ക് വിളിക്കാവുന്നതാണ്‌. അതിഥി തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാം.  അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ  സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ്‌ കണ്ട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.  ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ സഹകരണത്തോടെയാണ്‌ കോൾ സെന്ററിന്റെ പ്രവർത്തനം.  

 

കണ്ട്രോൾ റൂം നമ്പറുകൾ: 9072303275, 9072303276

 

വലിയവട്ടം പാലം ഉത്‌ഘാടനം ചെയ്തു

 

എറണാകുളം : വലിയവട്ടം ദ്വീപിനെ ഞാറക്കൽ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെയും റോഡിന്റെയും ഉത്‌ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌തീൻ നിർവഹിച്ചു.  വൈപ്പിൻ എം. എൽ. എ.  എസ്. ശർമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

 

 ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തി പൊതുമരാമത്തു വകുപ്പാണ് പാലത്തിന്റെയും റോഡിന്റെയും നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പാലത്തിന്റെ നിർമാണത്തോടു കൂടി വലിയവട്ടം ദ്വീപിൽ ടൂറിസം ഉൾപ്പടെയുള്ള വ്യവസായങ്ങളുടെ വളർച്ച സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.71 കോടി രൂപയാണ് പാലത്തിന്റെയും റോഡിന്റെയും നിർമാണ ചെലവ്. 

 

ചടങ്ങിൽ കളക്ടർ എസ്. സുഹാസ്, വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ജോഷി, ഞാറക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിൽഡ റിബേര, നായരമ്പലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. പി ഷിബു, ജില്ലാ പഞ്ചായത്ത്‌ അംഗം റോസ്മേരി  ലോറൻസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഡെയ്സി തോമസ്, പഞ്ചായത്തംഗം മണി സുരേന്ദ്രൻ,  പി. ഡബ്ല്യൂ. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ എ സുരേഷ്‌കുമാർ, ജിഡ ടൗൺ പ്ലാനർ ആർ പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.

ജോലി ഒഴിവ്
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നെറ്റ് മെന്‍ഡര്‍ തസ്തികയിലേക്ക് ഒരു സ്ഥിരം (തുറന്ന തസ്തിക ) ഒഴിവു നിലവിലുണ്ട്. പത്താം ക്‌ളാസ്സ് യോഗ്യതയും, വല നിര്‍മാണത്തിലും അതിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിലും അറിവും, എറണാകുളത്തും ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ താല്പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. ശമ്പളം18000 -56900  പ്രായപരിധി 18- 25.

സേവന പുസ്തകം 

കൊച്ചി:  തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ജോലി ചെയ്തിരുന്ന ജയകുമാര്‍.ബി യുടെ സേവന പുസ്തകം ഓഫീസില്‍ നിന്നും കാണാതായിട്ടുണ്ട്. ഇത് സംബന്ധിച്ച് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഓഫീസില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയെങ്കിലും സേവനപുസ്തം കണ്ടെത്താനായില്ല. അതിനാല്‍ സേവനപുസ്തകം ലഭിക്കുന്നവര്‍ പ്രിന്‍സിപ്പാള്‍ ഗവ: ആയുര്‍വേദ കോളേജ്, തൃപ്പൂണിത്തുറ, പുതിയകാവ് വിലാസത്തില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:  കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുളള മുദ്രണം ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 15 ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭ കാര്യായത്തില്‍ സ്വീകരിക്കും.

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി:  കൊച്ചി നഗരസഭയുടെ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സ് ഉളളതും ഇപിഎഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇ-ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 16-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ കൊച്ചി നഗരസഭ കാര്യായത്തില്‍ സ്വീകരിക്കും.  

date