Skip to main content

കോവിഡ് പ്രതിരോധം: സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്ഥാപന പരിധികളില്‍ നിയമിച്ച വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരായ സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തില്‍ വിലയിരുത്തി. തഹസില്‍ദാര്‍മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് കലക്ടര്‍ പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ പരിശോധന, സംരക്ഷിത കുടുംബ കൂട്ടായ്മയുടെ പൂര്‍ത്തീകരണം, ആള്‍കൂട്ടവും കൂടിച്ചേരലുകളും ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കല്‍, ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍ തുടങ്ങിയവരുടെ വിവരശേഖരണം, ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, വിവരങ്ങളുടെ ദിനേനയുള്ള രേഖപ്പെടുത്തല്‍ എന്നീ ചുമതലകളാണ് സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ളത്.  
ഗൃഹചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം മെഡിക്കല്‍ ഓഫീസര്‍മാരുടെ  സന്ദര്‍ശനവും ഉറപ്പ് വരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ അനുകൂലമായ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കാലതാമസം ഒഴിവാക്കാന്‍ രോഗികളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ബന്ധപ്പെട്ടവര്‍ അറിയിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, പുനലൂര്‍ ആര്‍ ഡി ഒ ബി.ശശികുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ വസന്തദാസ്, പാരിപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ജോയിന്റ് ആര്‍ ടി ഒ വി.ജോയി,  ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 2716/2020)

date