സമ്പൂർണ ഹൈടെക് ആയി പറവൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ
സമ്പൂർണ ഹൈടെക് ആയി പറവൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ
എറണാകുളം: എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളും ഇനി സമ്പൂർണ ഹൈടെക്. ഇതിൻ്റെ പ്രഖ്യാപനം പറവൂർ എം എൽ എ വി.ഡി സതീശൻ നിർവ്വഹിച്ചു. പദ്ധതി നടപ്പാക്കിയ സംസ്ഥാന സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും എംഎൽഎ അഭിനന്ദിച്ചു.
പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഹൈടെക് ആകുന്നതോടനുബന്ധിച്ച് 2017 മുതൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അഞ്ച് മുതൽ പത്ത് വരെയുള്ള ഒൻപത് ക്ലാസ് മുറികളും പദ്ധതിയിലൂടെ ഹൈടെക് ആക്കി. എല്ലാ ക്ലാസ് മുറികളിലും പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, സ്പീക്കർ എന്നിവ സജ്ജമാണ്. കൂടാതെ ഐ.ടി ലാബിലേക്ക് നാല് ലാപ്ടോപ്പുകളും ഓരോ പ്രോജക്ടർ, സ്ക്രീൻ, സ്പീക്കർ എന്നിവയും നൽകി. സ്കൂൾ ലൈബ്രറിയിൽ ഒരു എൽ.സി.ഡി ടിവിയും തയ്യാറാണ്. അഞ്ച് മുതൽ പത്ത് വരെ 287 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ 16 ലാപ്ടോപ്പുകൾ, 12 പ്രോജക്ടർ, ഡി.എസ്.എൽ.ആർ ക്യാമറ, മൾട്ടി പർപ്പസ് പ്രിൻ്റർ, വെബ് ക്യാം, എൽ.സി.ഡി ടി.വി എന്നിവ ഓരോന്ന് വീതവും ലഭിച്ചു. ആകെയുള്ള 12 ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്. കൂടാതെ ബോട്ടണി, സുവോളജി ലാബുകളിലും ഇപ്പോൾ പ്രോജക്ടർ സ്ഥാപിച്ചിട്ടുണ്ട്. 750 ഓളം വിദ്യാർത്ഥികളാണ് ഹയർ സെക്കൻ്ററി വിഭാഗത്തിലുള്ളത്.
- Log in to post comments