Skip to main content

കോതമംഗലം  സമ്പൂർണ്ണ ഡിജിറ്റൽ ഹൈടെക് സ്കൂൾ മണ്ഡല  പ്രഖ്യാപനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു 

കോതമംഗലം  സമ്പൂർണ്ണ ഡിജിറ്റൽ ഹൈടെക് സ്കൂൾ മണ്ഡല  പ്രഖ്യാപനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു 

 

 

കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  ഡിജിറ്റൽ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് സ്കൂൾ ചാനലിലൂടെ ഓൺലൈനായി  നടത്തി. കോതമംഗലം നിയോജക മണ്ഡലതല സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻററി സ്കൂളിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

 

 മണ്ഡലത്തിലെ മുഴുവൻ സർക്കാർ,എയ്ഡഡ് ലോവർ പ്രൈമറി,അപ്പർ പ്രൈമറി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി, ആദിവാസി മേഖലയിലെ ബദൽസ്കൂൾ, സ്പെഷ്യൽ സ്കൂൾ  ഉൾപ്പെടെ എല്ലാ  വിദ്യാലയങ്ങളും ഹൈടെക് പദവി യിലെത്തിയതായും അക്കാദമിക രംഗത്ത്‌ വലിയ മുന്നേറ്റം നടത്താൻ ഇതു വഴി സാധിക്കുമെന്നും  എം എൽ എ പ്രഖ്യാപനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 'ഒരു മണ്ഡലത്തിലെ മുഴുവൻ പ്രീ സ്കൂളുകൾ ഹൈടെക് ആക്കുന്നതെന്നും എം എൽ എ പറഞ്ഞു.

 

മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ 498 ക്ലാസ് റൂമുകൾ ഹൈടെക്കായിട്ടുണ്ട്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ 68 ഹൈടെക് മൾട്ടിമീഡിയ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈടെക് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ,എയ്ഡഡ് സ്കൂളുകൾക്കുമായി 869 ലാപ്ടോപ്പുകൾ, 485 പ്രൊജക്ടറുകൾ, 42എൽ സി ഡി ടെലിവിഷനുകൾ , 42 ഡി എസ് എൽ ആർ ക്യാമറകൾ, 325സ്പീക്കറുകൾ, 322 മൗണ്ടിംഗ് കിറ്റ്  എന്നിവ  അനുവദിച്ചിരുന്നു. അതോടൊപ്പം സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിൽ സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുകയും,വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഓഫീസ് ഗവേണൻസിനും പരിധിയില്ലാതെ സൗജന്യ ഇൻ്റർനെറ്റും വൈഫൈ സേവനവും ലഭ്യമാക്കുകയും ചെയ്തു. മണ്ഡലത്തിലെ മുഴുവൻ അധ്യാപകർക്കും ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ നിരന്തര പരിശീലനവും നൽകി.കുട്ടികളെ 

ഐ റ്റി ഗവേഷകരാക്കുന്നതിനും സൈബർ കുറ്റ കൃത്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും സെക്കന്ററി സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബുകൾ സ്ഥാപിച്ച് പരിശീലനം നൽകുന്നുണ്ട്. ഓരോ വിദ്യാലയത്തിലും പ്രത്യേക പരിശീലനം നൽകി ഐ റ്റി കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. കോതമംഗലം മണ്ഡലം ഐ റ്റി സ്മാർട്ട്  സ്കൂൾ മണ്ഡലം ആക്കുന്നതിനായി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കൈറ്റ് (KlTE കോതമംഗലം ഇന്നവേറ്റിവ് ടെക്‌ നോളജി ഇൻ എഡ്യൂക്കേഷൻ) സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകൾക്കും ലാപ്ടോപ്പ്,പ്രൊജക്ടർ, സ്പീക്കർ,വൈറ്റ് ബോർഡ്,മൾട്ടിപർപ്പസ് സ്കാനർ വിത്ത് പ്രിൻ്റർ എന്നിവ നേരത്തെ തന്നെ നൽകിയിരുന്നു. അതിൻ്റെ ഭാഗമായി ആദിവാസി മേഖലയിലെ ബദൽ സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റിയിരുന്നു. സർക്കാർ വിദ്യാലയങ്ങളുടെ അനുബന്ധിച്ചുള്ള 59 പ്രീ - സ്കൂളുകൾ ഹൈടെക് ആക്കുന്നതിനുള്ള പദ്ധതിയും "കൈറ്റ് " പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നു. സ്കൂൾ തുറക്കുന്ന മുറയ്ക്ക് സ്കൂളുകൾക്കുള്ള ലാപ്ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ മൗണ്ടിംഗ്കിറ്റ്  എന്നീ ഐ സി റ്റി ഉപകരണങ്ങൾ വിതരണം ചെയ്യും.

 

ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ മഞ്ജു സിജു  അധ്യക്ഷത വഹിച്ചു .ഐ ടി കോർഡിനേറ്റർ അജി ജോൺ പദ്ധതി അവതരിപ്പിച്ചു .ബ്ലോക്ക് പ്രസിഡന്റ് റഷീദ സലിം മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ :തോമസ് ചെറുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ജാൻസി മാത്യു ,കെ എ നൗഷാദ് ,ടീന മാത്യു ,കെ വി തോമസ്  ഡി ഇ ഒ കെ ലത, എ ഇ ഒ പി എൻ അനിത ,ബി പി സി പി ജ്യോതിഷ് ,കൈറ്റ് കോർഡിനേറ്റർ എസ് എം അലിയാർ ,ഹെഡ്മാസ്റ്റർ സോജൻമാത്യു , ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിസ്സാറാണി ,പ്രിൻസിപ്പൽ സിസ്റ്റർ ട്രീസാ ജോസ് ,പ്രിൻസിപ്പൽ സോമി ജോർജ് ,പി ടി എ പ്രസിഡന്റ് മെജോ മാത്യു എന്നിവർ പ്രസംഗിച്ചു .

date