നവസാങ്കേതികവിദ്യാധിഷ്ഠിത ബോധനം നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം നവസാങ്കേതിക വിദ്യക്ക് അനുസൃതമായി മാറിയ സാഹചര്യത്തില്‍ അതില്‍ അധിഷ്ഠിതമായ ബോധനം കുട്ടികള്‍ക്ക് നല്‍കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും സ്‌കൂള്‍ മേലധികാരികളും പി ടി എയും ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം ആകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലാനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായത്തെ എങ്ങനെ മാറ്റിയെടുക്കാം എന്ന ചിന്തയില്‍ നിന്നാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം രൂപംകൊള്ളുന്നത്. അതിശയകരമായ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതിയിലൂടെ സമാനതകളില്ലാത്ത മാറ്റമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയത്. പൊതുവിദ്യാലയങ്ങളെ സമീപിക്കുന്ന രീതിക്ക് തന്നെ മാറ്റം വരുകയും അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇവിടേക്ക് പുതുതായി വരികയും ചെയ്തു. ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക് രീതിയിലും അന്താരാഷ്ട്ര നിലവാരം കൈവരിക്കാന്‍ സാധിച്ചത് നാടിന്റെ നേട്ടമായി കാണണം മുഖ്യമന്ത്രി പറഞ്ഞു.
ലാപ്‌ടോപ്പുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംവിധാനം കൊണ്ടുവരാന്‍ സാധിച്ചതിലൂടെ 3000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി നടപ്പിലാക്കാന്‍ സാധിച്ചതും സുപ്രധാന നേട്ടമാണ്. ഒരുലക്ഷത്തിലധികം അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. അടിസ്ഥാന സൗകര്യം ഒരുക്കാന്‍ മാത്രം കിഫ്ബി വഴി 595 കോടി രൂപയും പ്രാദേശിക കൂട്ടായ്മകളിലൂടെ 135.5 കോടി രൂപയും വിനിയോഗിച്ചു.
ലാപ്‌ടോപ് പ്രൊജക്ടര്‍ സംവിധാനങ്ങള്‍ ഡി എസ് എല്‍ ആര്‍ ക്യാമറ തുടങ്ങിയ ഉപകരണങ്ങളും ബ്രോഡ്ബാന്റും ലഭ്യമാക്കി. ഡിജിറ്റല്‍ ഉള്ളടക്കത്തിനും ഇ-ഗവേണന്‍സിനുമായി സമഗ്ര, ലിറ്റില്‍ കൈറ്റ്‌സ്, സമന്വയ തുടങ്ങിയ പോര്‍ട്ടലുകളും പരാതി പരിഹാരത്തിന് കോള്‍ സെന്റര്‍ സൗകര്യവും ഒരുക്കി. മികച്ച വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രമുള്ള അവകാശമാകുന്ന രീതി മാറി ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കണമെന്നും നാടിന്റെ സുരക്ഷയെ കരുതിയുള്ള ഇടപെടലാണ് ഇത്തരം പദ്ധതികളിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനായി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. മന്ത്രിമാരായ ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, എ കെ ബാലന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, കൈറ്റ് സി ഇ ഒ കെ.അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ കുണ്ടറ മണ്ഡലത്തില്‍ ഇളമ്പള്ളൂര്‍ കെ.ജി.വി.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രാദേശിക പ്രഖ്യാപനം നടത്തി.
കൊട്ടാരക്കര ജി ബി എച്ച് എസ് എസില്‍ പി അയിഷാ പോറ്റി എം എല്‍ എ, പത്തനാപുരം പട്ടാഴി ജി എച്ച് എസ് എസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ബി സജീവ്, കുന്നത്തൂര്‍ പോരുവഴി ജി എച്ച് എസ് എസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ചടയമംഗലം ജി യു പി എസില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ, കൊല്ലം മണ്ഡലത്തിലെ മങ്ങാട് ജി എച്ച് എസ് എസില്‍ മേയര്‍ ഹണി ബഞ്ചമിന്‍, ഇരവിപുരം എസ് എന്‍ ഡി പി യു പി എസില്‍ എം നൗഷാദ് എം എല്‍ എ, ചാത്തന്നൂര്‍ ജി വി എച്ച് എസ് എസില്‍ ജി എസ് ജയലാല്‍ എം എല്‍ എ, ചവറ ശങ്കരമംഗലം ബോയ്‌സില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സണ്ണി, കരുനാഗപ്പള്ളി തഴവ ജി ജി എച്ച് എസ് എസില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ എന്നിവരും പുനലൂരില്‍ വനം വകുപ്പ് മന്ത്രി കെ രാജു ഓണ്‍ലൈന്‍നായും പ്രദേശിക പ്രഖ്യാപനങ്ങള്‍ നടത്തി.
(പി.ആര്‍.കെ നമ്പര്‍ 2736/2020)
- Log in to post comments