കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനത്തിന്റെ കരുനാഗപ്പള്ളി മണ്ഡലതല ഉദ്ഘാടനം തഴവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.
യു പി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ ക്ലാസ് മുറികളും ഇവിടെ ഹൈടെക് ആണ്. 43 കമ്പ്യൂട്ടറുകളും 24 പ്രൊജക്ടറുകളും നിലവില്‍ സ്‌കൂളില്‍ ഉണ്ട്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതിന്റെ ഭാഗമായി കിഫ്ബി വഴിയുള്ള മൂന്നു കോടിയുടെ ധനസഹായവും സ്‌കൂളിന് ലഭ്യമായി. മൂന്നു നിലകളിലായുള്ള കെട്ടിടമാണ് ഇവിടെ നിര്‍മിക്കുക. കരുനാഗപ്പള്ളി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിനായി 4.30 കോടി രൂപയാണ് ചെലവഴിച്ചത്.
ഹൈടെക് സ്‌കൂള്‍ പ്രഖ്യാപന ചടങ്ങില്‍ തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആനി പൊന്‍, പി ടി എ പ്രസിഡന്റ് ആര്‍ അമ്പിളിക്കുട്ടന്‍, എസ് എം സി ചെയര്‍മാന്‍ തഴവ കനകന്‍, ഹെഡ്മിസ്ട്രസ് വി അജിതകുമാരി എന്നിവര്‍ സംസാരിച്ചു. എ ഇ ഒ കെ അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എ വാഹീദ സ്വാഗതവും ജില്ലാ ഐ ടി കോഡിനേറ്റര്‍ എസ് പ്രമോദ് നന്ദിയും പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 2738/2020)
- Log in to post comments