Skip to main content

അഴീക്കല്‍ ഹാര്‍ബര്‍ തുറന്നു

രോഗവ്യാപന നിരക്കില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് കര്‍ശനമായ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി അഴീക്കല്‍ ഹാര്‍ബര്‍ തുറന്നു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ജില്ലാ  ദുരന്ത നിവാരണ അതോറിറ്റിയുടെ ഗൂഗിള്‍ മീറ്റ് യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് ഹാര്‍ബര്‍ തുറന്നത്.
ഇന്‍സിഡന്റ് കമാണ്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ തുറക്കാന്‍ തീരുമാനിച്ചത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസമാണ് കടലില്‍ പോകാന്‍ അനുമതി.
  കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായ  പ്രവര്‍ത്തനങ്ങളുടെ പുരോഗതികള്‍ അതത് എസ് എച്ച് ഒ മാര്‍ കോവിഡ് 19 ജാഗ്രതാ വെബ്സൈറ്റില്‍ സമയബന്ധിതമായി രേഖപ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെത്തുന്ന അഥിതി തൊഴിലാളികളുടെയും അവരുടെ സ്‌പോണ്‍സര്‍മാരുടേയും വിവരങ്ങള്‍ കോവിഡ് 19 ജാഗ്രത വെബ്‌സൈറ്റില്‍  രേഖപ്പെടുത്താനുള്ള സംവിധാനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എ ബിന്ദു അറിയിച്ചു.
അതിഥി തൊഴിലാളികളുടെ നിരീക്ഷണം അടക്കമുള്ള നടപടിക്രമങ്ങള്‍ സ്‌പോണ്‍സറുടെ ഉത്തരവാദിത്വമാണെന്നും സ്‌പോണ്‍സര്‍മാര്‍ ഇല്ലാതെ ജില്ലയിലെത്തുന്നവരെ  തുടരാന്‍ അനുവദിക്കില്ലെന്നും  കലക്ടര്‍ പറഞ്ഞു.
സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനാവലോകനം എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണനും ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെ(സി സി ജി) പ്രവര്‍ത്തനം സബ് കലക്ടര്‍ ശിഖാ സുരേന്ദ്രനും യോഗത്തില്‍ അവതരിപ്പിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, പാരിപ്പള്ളി സര്‍ക്കാര്‍  മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ഹരി, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2781/2020)

 

date