Skip to main content

ബേബിക്ക് വേണ്ടത് വീടിനൊരു മേല്‍ക്കൂര, പിന്നെ ചുറ്റുമതിലും

 

വിളയില്‍ കുഴിയിങ്ങല്‍പറമ്പില്‍ ബേബി വനിതാകമ്മീഷനുമുന്നിലെത്തിയത് കുടുംബത്തിന്റെ അരക്ഷിതത്വത്തെക്കുറിച്ച് പറയാനാണ്.  പൂര്‍ണമായും കാഴ്ചശക്തിയില്ലാത്തവരാണ് ബേബിയും ഭര്‍ത്താവ് ബാലനും. കുട, നോട്ട്ബുക്ക്, വാഴനാരുകൊണ്ടുള്ള കരകൗശല വസ്തുക്കള്‍ എന്നിവയുണ്ടാക്കി വിറ്റാണ് ഇവരുടെ ജീവിതം. 10 വര്‍ഷം മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഒരു വീടുണ്ടാക്കി കൊടുത്തിരുന്നു. ഇന്നത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലായി. വീടിന് ചുറ്റുമതിലില്ലാത്തതിനാല്‍ ജീവനും സ്വത്തിനും സംരക്ഷണം കിട്ടുന്നില്ല. വീട്ടിലും വീടിനു മുന്നിലുള്ള പെട്ടിക്കടയിലും നിരന്തരം മോഷണം നടക്കുന്നു. കണ്ണുകാണാത്തതിനാല്‍ വീട്ടില്‍ ആളുള്ളപ്പോള്‍ പോലും ഇത് പതിവാണ്. രണ്ട് ആണ്‍മക്കളുണ്ട്. മക്കള്‍ സ്‌കൂളില്‍ പോയാല്‍ പിന്നെ ഭീതിയിലാണ് കഴിയുന്നത് - ബേബി വനിതാകമ്മീഷനോട് പറഞ്ഞു.

പരാതി സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. ദമ്പതികള്‍ക്ക് ഉടന്‍ നല്‍കാവുന്ന ഒരു കൈത്താങ്ങ് എന്ന നിലയില്‍ 350 രൂപ കൊടുത്ത് കമ്മീഷന്‍ അംഗം ഒരു കുടയും വാങ്ങി. ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ഇവര്‍ക്കുള്ള ആനുകൂല്യങ്ങല്‍ ലഭ്യമാക്കുമെന്നും അവര്‍ ഉറപ്പ് നല്‍കി. ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ നടപ്പാക്കാന്‍ പോകുന്ന ഇന്‍ഡിവിജ്വല്‍ കെയര്‍ പ്ലാന്‍ എന്ന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് ഇത്തരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

date