പച്ചതുരുത്തുകള്‍ 100 എണ്ണം ജില്ലയില്‍; കോര്‍പ്പറേഷനില്‍ മാത്രം 23
ഹരിത കേരളം മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലയില്‍ ഒരുക്കിയത് 100 പച്ചതുരുത്തുകള്‍. പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബെഞ്ചമിന്‍ പച്ചതുരുത്ത് പ്രഖ്യാപനം നടത്തി. വിവിധ വാര്‍ഡുകളിലായി 23 പച്ചതുരുത്തുകളാണ് കോര്‍പറേഷനില്‍ പൂര്‍ത്തീകരിച്ചത്. കൊല്ലം ബീച്ചിനോട് ചേര്‍ന്ന് സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് പച്ചതുരുത്ത് ഒരുക്കിയത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കോര്‍പ്പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹായത്തോടെയാണ് നിലമൊരുക്കല്‍, നടീല്‍, ജൈവവേലി പരിപാലനം തുടങ്ങിയവ നടപ്പിലാക്കിയത്. കോര്‍പ്പറേഷന്റെ 55 വാര്‍ഡുകളിലും പച്ചതുരുത്ത് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നു.
ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ അനുമോദന പത്രവും പച്ചതുരുത്ത് റിപ്പോര്‍ട്ടും കൈമാറി. ജില്ലയില്‍ ഏകദേശം 10 ഹെക്ടറിലാണ് പച്ചതുരുത്തുകള്‍ പൂര്‍ത്തീകരിച്ചത്. പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ തരിശുഭൂമി കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തിയാണ് സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചത്
പച്ചതുരുത്തിന് ആവശ്യമായ തൈകള്‍ ലഭ്യമാക്കുന്നത് സാമൂഹിക വനവത്കരണ വകുപ്പ് വഴിയാണ്. സംസ്ഥാന ഐ ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തുകളുടെയും സ്ഥാനം, വിസ്തൃതി, തൈകളുടെ എണ്ണം, ഇനം എന്നിവ അടയാളപ്പെടുത്തുന്നതിനുള്ള മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.
കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ ഗീതാ കുമാരി എന്നിവര്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസകില്‍ നിന്ന് അനുമോദന പത്രവും റിപ്പോര്‍ട്ടും ഏറ്റുവാങ്ങി. കൗണ്‍സിലര്‍ അഡ്വ വിനീത വിന്‍സെന്റ്, അഡീഷണല്‍ സെക്രട്ടറി എ എസ് നൈസാം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, അയ്യങ്കാളി തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2791/2020)
- Log in to post comments