Skip to main content

കുളത്തൂപ്പുഴയില്‍ മൂന്ന് പച്ചത്തുരുത്തുകള്‍    

പ്രകൃതിയിലെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിന്റെ  ഭാഗമായി  കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൂന്ന് പച്ചതുരുത്തുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
ഹരിത കേരളം മിഷന്റെ  നേതൃത്വത്തില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും തരിശ് സ്ഥലം കണ്ടെത്തി ജൈവവൈവിധ്യത്തെ വളര്‍ത്തി പച്ചത്തുരുത്തായി സംരക്ഷിച്ചു നിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്തും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപവും പട്ടികജാതി കൈത്തറി നെയ്ത്ത് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുമായാണ് മൂന്ന് പച്ചതുരുത്തുകള്‍ സൃഷ്ടിച്ചിട്ടുള്ളത്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്തല ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. മന്ത്രിയില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലൈല ബീവി അനുമോദന പത്രിക ഏറ്റുവാങ്ങി.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പച്ചത്തുരുത്ത് പദ്ധതി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്  മികച്ച മാതൃക തീര്‍ക്കുന്നു.  പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷന്‍ മുഖേന നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് സാബു എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് ശ്രീലത,  റെജി ഉമ്മന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2794/2020)

 

date