Skip to main content

ജില്ലയിൽ 35 സഹകരണ പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കും

 

എറണാകുളം: ജില്ലയിൽ സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ ഒന്നോടെ വിപണന ശാലകൾ തുറക്കാനാണ്‌ തീരുമാനം. പ്രാദേശിക കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. 

 

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും പച്ചക്കറി ശാലകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രത്യേക തിരിച്ചറിയൽ ബോർഡുകൾ ആയിരിക്കും കടകളിൽ ഉപയോഗിക്കുക. ഏകീകൃത കളർകോഡ്, ബ്രാൻഡ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിൽ ആയിരിക്കും ബോർഡുകൾ സ്ഥാപിക്കുന്നത്. വിൽപന ശാലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് അതാത് പഞ്ചായത്തിലെ കൃഷി ആഫീസർ, പഞ്ചായത്ത് സെക്രട്ടറി, സഹകരണ സംഘം സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. 

വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴിയാണ് പച്ചക്കറികൾ കർഷകരിൽ നിന്നും സംഭരിക്കുന്നത്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ഉല്പന്നങ്ങളുടെ വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുമ്പോൾ സർക്കാർ പ്രഖ്യാപിച്ച തറവില നൽകിയായിരിക്കും ഉല്പന്നങ്ങൾ ശേഖരിക്കുക. ഇതിൻ്റെ മേൽനോട്ടം കമ്മിറ്റി നിർവഹിക്കും. കൂടാതെ സംഘങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ജൈവ പച്ചക്കറി കൃഷി സജീവമാണ്. ഇവരുടെ ഉല്പന്നങ്ങളും വിപണന ശാലകളിലൂടെ വിറ്റഴിക്കും. കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ വില്പന ശാലകൾ തുടങ്ങുന്നതിന് സമയം കൂടുതൽ നൽകും. 

 

ഭക്ഷ്യ സ്വയം പര്യാപ്ത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സുഭിക്ഷ കേരളം , ജീവനി പദ്ധതികളിലൂടെ നിരവധി ആളുകളാണ് കാർഷിക മേഖലയിലേക്ക് തിരിഞ്ഞത്. ലോക് ഡൗൺ പശ്ചാത്തലത്തിലും പച്ചക്കറി കൃഷി ആരംഭിച്ച നിരവധി കർഷകരുണ്ട്. ഇവർക്കെല്ലാം ഉല്പന്നങ്ങൾ പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കാൻ സഹായിക്കുന്നതാണ് സഹകരണ വകുപ്പിൻ്റെ വില്പനശാലകൾ. വില വിവരം കൃഷി വകുപ്പ് തീരുമാനിക്കും. ഈ വർഷം ഒരു ലക്ഷം മെട്രിക് ടൺ പച്ചക്കറികളുടെയും ഒരു ലക്ഷം മെട്രിക് ടൺ കിഴങ്ങ് വർഗങ്ങളുടെയും അധിക ഉല്പാദനമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 279 പച്ചക്കറി വിൽപനശാലകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 

കോവിഡാനന്തരം കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആവും : മുഖ്യമന്ത്രി

എറണാകുളം : കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളം വീണ്ടും സഞ്ചരികളുടെ പറുദീസ ആയി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ 14 ജില്ലകളിലെ 26 ടൂറിസം പദ്ധതികളുടെ ഉത്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ മോശം കാലത്തെ വരും ദിനങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കുതിപ്പ് ആയി വേണം കരുതാൻ എന്നും അദ്ദേഹം പറഞ്ഞു. മണ്ണ്, വായു, ജലം, ജീവജാലങ്ങൾ എന്നിവ നാടിന്റെ പൊതുസ്വത്ത് ആണ്. ഇവയെ ആണ് ടൂറിസം കേന്ദ്രങ്ങൾ ആക്കി മാറ്റിയിട്ടുള്ളത്. പരിസ്ഥിതിക്ക് പോറൽ ഏല്പിക്കാത്ത വിധത്തിൽ ഈ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതയും മുഖ്യമന്ത്രി പറഞ്ഞു. 15 ലക്ഷത്തോളം പേരാണ് സംസ്‌ഥാനത്തു  ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നത്. കോവിഡ് കാലത്ത് 25000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായത്.

 

എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ട് സൗന്ദര്യ വത്കരണ പദ്ധതിയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 40 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രം പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റ്‌ മുഖേന നടപ്പാക്കിയ ഭൂതത്താൻ കെട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ചത്. ഏറുമാടങ്ങൾ, ജലാശയത്തിന്റെ സംരക്ഷണ ഭിത്തി, കോട്ടേജ് നവീകരണം,യാർഡ് ലൈറ്റിങ്, ഓപ്പൺ എയർ തിയേറ്റർ,ഇരിപ്പിടങ്ങൾ, ലാൻഡ് സ്കേപിംഗ് തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൂൾ ഏരിയയിൽ വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടിങ്ങ് സൗകര്യം ഒരുക്കും. പൂൾ ഏരിയയിൽ മീൻ വളർത്തലോടൊപ്പം പെഡൽ ബോട്ടിൽ സഞ്ചരിച്ച് പൂളിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനും വേണ്ട സൗകര്യം ലഭ്യമാക്കും. എടത്തോടുകൾ നിർമ്മിച്ച് പെഡൽ ബോട്ട് വഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തി ചേരുന്നതിനു വേണ്ട സൗകര്യം ഒരുക്കും. പൂളിനോട് ചേർന്ന് വരുന്ന നടപ്പാതയിൽ വാക് വേ സൗകര്യവും,നടപ്പാതയോട് ചേർന്ന് വിവിധ തരത്തിലുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഓർഗാനിക് ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ,ഫോട്ടോ സെക്ഷനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച സ്ഥല സൗകര്യങ്ങൾ എന്നിവ ഒരുക്കും. 

 

കോതമംഗലം എം. എൽ. എ ആന്റണി ജോൺ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡി. ടി. പി. സി നിർവഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് എം. എൽ. എ., ജില്ലാ കളക്ടർ എസ്. സുഹാസ്, മുൻ മന്ത്രി ടി. യു കുരുവിള,ജില്ലാ പഞ്ചായത്ത്‌ അംഗം കെ. എം പരീദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഷീദ സലിം, പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെയ്സൺ ഡാനിയേൽ, വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ശാഹുൽ ഹമീദ്, ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്,ഡി. ടി. പി. സി നിർവഹക സമിതി അംഗം ജോണി തൊട്ടക്കര, സെക്രട്ടറി എസ് വിജയകുമാർ, പഞ്ചായത്ത്‌ അംഗം ബിജു പി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date