Skip to main content

കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്

*കേന്ദ്ര ഏജൻസിയുമായി കരാർ ഒപ്പുവച്ചു
കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയിൽ ചരിത്രപരമായ നാഴികക്കല്ലാകുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാർത്ഥ്യത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ നിയുക്ത ഏജൻസിയായ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പു വച്ചു. വ്യാവസായിക ഇടനാഴി പ്രദേശങ്ങളും നിർദ്ദിഷ്ട പദ്ധതികളും വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് നിർവചിക്കുന്ന കരാറുകളാണ് ഒപ്പു വച്ചത്. കൊച്ചി -ബംഗളൂരു വ്യാവസായിക പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി കിൻഫ്രയാണ്.
നിക്ഡിറ്റ് (നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.സഞ്ജയ് മൂർത്തിയും സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വ്യാവസായിക ഇടനാഴി പദ്ധതിയുടെ പ്രത്യേക ചുമതലയുള്ള അൽകേഷ് കുമാർ ശർമ്മയും, കിൻഫ്ര എം.ഡി. സന്തോഷ് കോശിയുമാണ് കരാറിൽ ഒപ്പു വെച്ചത്. പദ്ധതികളുടെ വിശദമായ ആസൂത്രണം, രൂപകല്പന, നടപ്പാക്കൽ, പ്രവർത്തനം, പരിപാലനം എന്നിവയ്ക്കായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി രൂപീകരിക്കുന്ന ബോർഡിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഏജൻസിയുടെയും പ്രതിനിധികൾ ഉണ്ടാകും.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന കൊച്ചി -ബംഗളൂരു വ്യാവസായിക ഇടനാഴി ചരിത്രപരമായ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉല്പാദന മേഖല, കാർഷിക സംസ്‌കരണ സേവനങ്ങൾ, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകൾ എന്നിവയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നൈപുണ്യ വികസനം, സാങ്കേതിക നവീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനും ഇത് സഹായിക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.
ഇടനാഴിയിലെ കൊച്ചി-പാലക്കാട് മേഖലയാണ് സംയോജനത്തിന്റെ ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത്. പാലക്കാട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി 1800 ഏക്കറിൽ ഏകദേശം പതിനായിരം കോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.  നിർമ്മാണം ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ 22000 നേരിട്ടുള്ള തൊഴിലും 80000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം നിക്ഷേപത്തിൽ മധ്യ ചെറുകിട വ്യവസായങ്ങളുടെ വിഹിതം 3000 കോടി രൂപയും സംസ്ഥാനത്തിന് അതിലൂടെയുള്ള നികുതി വരുമാനം പ്രതിവർഷം 585 കോടി രൂപയുമാണ് ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഇലക്ട്രോണിക്സ്, ഐ.ടി., ബയോടെക്നോളജി, ലൈഫ് സയൻസ് എന്നിവയുൾപ്പെടെയുള്ള ഉല്പാദന പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇടനാഴിയിൽ ഉൾപ്പെടുന്ന വ്യവസായങ്ങൾക്ക് ഭൂമിയുടെ ലഭ്യതയും സൃഷ്ടിക്കുന്ന ജോലികളിൽ ഉയർന്ന മൂല്യവർധനവും ഉറപ്പാക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോഡ് ജില്ലകളെ രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഈ മേഖലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്ന കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മംഗലാപുരം ബംഗളൂരു ഗെയിൽ പൈപ്പ്ലൈൻ, തിരുവനന്തപുരം-കണ്ണൂർ സെമി ഹൈ സ്പീഡ് റെയിൽ, കൊച്ചി മെട്രോ, കൊച്ചി -തേനി ദേശീയപാത തുടങ്ങിയ പദ്ധതികളുടെ പ്രാദേശിക വളർച്ചയ്ക്കും സമഗ്ര വികസനത്തിനും പദ്ധതി വഴിതെളിക്കും.
പദ്ധതിക്ക് കീഴിൽ കൊച്ചി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി പദ്ധതിയാണ് പ്രാരംഭ പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുള്ളത്. ആലുവ താലൂക്കിലെ അയ്യമ്പുഴ ഗ്രാമത്തിൽ 220 ഹെക്ടർ സ്ഥലത്ത് വികസിപ്പിക്കുന്ന പരിസ്ഥിതി സൗഹാർദ്ദവും മലിനീകരണ രഹിത സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി വിജ്ഞാനാധിഷ്ഠിത, ധനകാര്യം, ബാങ്കിംഗ്, ഹൈടെക് സേവനങ്ങൾ എന്നിവയുടെ വികസനത്തിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് നൽകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പി.എൻ.എക്സ്. 3674/2020
 

date