Skip to main content

കടല്‍ക്ഷോഭം: കര്‍ക്കടക വാവിന് ശംഖുമുഖത്ത് നിയന്ത്രണം

 

** ശംഖുമുഖത്ത് തിരക്ക് ഒഴിവാക്കാന്‍ സഹകരിക്കണമെന്നു കളക്ടര്‍
** വര്‍ക്കലയിലും പ്രാദേശിക സ്‌നാനഘട്ടങ്ങളിലും കൂടുതല്‍ പേര്‍ എത്തണം
** വിവിധ വകുപ്പുകളെ ഏകോപ്പിപ്പിച്ച് ഊര്‍ജിത ക്രമീകരണം

കടല്‍ക്ഷോഭം മൂലം തീരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇത്തവണ കര്‍ക്കടക വാവിന് ശംഖുമുഖത്ത്  ബലിതര്‍പ്പണത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  ശംഖുമുഖത്ത് ബലിതര്‍പ്പണത്തിന് പതിവായി എത്തുന്നവര്‍ വര്‍ക്കല പാപനാശം, തിരുവല്ലം എന്നിവിടങ്ങളിലും മറ്റു പ്രാദേശിക സ്‌നാന ഘട്ടങ്ങളിലും ബലിതര്‍പ്പണം നടത്താന്‍ ഇത്തവണ താത്പര്യമെടുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അഭ്യര്‍ഥിച്ചു. കര്‍ക്കടക വാവിന്റെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ശംഖുമുഖത്ത് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം.

കടല്‍ക്ഷോഭത്തില്‍ തീരം പൂര്‍ണമായി ഇടിഞ്ഞെന്നും 20 മീറ്ററോളം ഭാഗത്തു മാത്രമേ കടലിന് അഭിമുഖമായി പ്രവേശന സ്ഥലമുള്ളൂവെന്നും പൊലീസ് യോഗത്തില്‍ അറിയിച്ചു. പിതൃതര്‍പ്പണത്തിന് എത്തുന്നവരെ നിശ്ചിത എണ്ണമുള്ള പ്രതേ്യക സംഘങ്ങളാക്കി മാത്രമേ ശംഖുമുഖത്തേക്കു പ്രവേശിപ്പിക്കൂ. തീരത്തുവരെയെത്തി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന രക്ഷാ ബോട്ടുകള്‍ കടലില്‍ പട്രോളിങ് നടത്തും. ലൈഫ് ഗാര്‍ഡുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കും. ലൈഫ് ബോയകള്‍ സജ്ജമാക്കാന്‍ നാവിക സേനയെ സമീപിക്കും. കര്‍ക്കടക വാവ് ദിനത്തില്‍ ശംഖുമുഖത്തേക്കുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിതൃതര്‍പ്പണം നടത്തുന്ന വര്‍ക്കല പാപനാശം കടപ്പുറത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍, ജിയോളജിസ്റ്റ്, പൊലീസ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ തീരത്ത് ഇന്നു (27 ജൂലൈ) രാവിലെ സുരക്ഷാ പരിശോധന നടത്തും. 60 ഓളം ലൈഫ് ഗാര്‍ഡുകളെ സുരക്ഷയ്ക്കു നിയോഗിക്കും.

തിരുവല്ലം ക്ഷേത്രത്തിലെ പിതൃതര്‍പ്പണത്തോടനുബന്ധിച്ചു നിര്‍മിക്കുന്ന താത്കാലിക നടപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. ശുചീകരണ ജോലികള്‍ക്കു ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. 

അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലും നിരവധി പേര്‍ ഓരോ വര്‍ഷവും പിതൃതര്‍പ്പണം നടത്താന്‍ എത്താറുണ്ട്. ജില്ലയില്‍ എല്ലാ പ്രധാന സ്‌നാന ഘട്ടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വര്‍ക്കല, ശംഖുമുഖം, തിരുവല്ലം എന്നിവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പൂര്‍ണ സജ്ജമായ മെഡിക്കല്‍ സംഘത്തെയു ഇതിന്റെ ഭാഗമായി നിയോഗിക്കും. സ്‌നാന ഘട്ടങ്ങളുള്ള പ്രദേശങ്ങള്‍ പൂര്‍ണമായി പ്ലാസ്റ്റിക് വിമുക്തമാക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ്, ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍, എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എസ്. വിനോദ് എന്നിവരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പിതൃതര്‍പ്പണം : സ്വകാര്യ ഏജന്‍സികള്‍ക്ക് നിരോധനം

കര്‍ക്കടക വാവ് ദിനത്തില്‍ ജില്ലയിലെ തിരക്കേറിയ സ്‌നാന ഘട്ടങ്ങളില്‍ സ്വകാര്യ ഏജന്‍സികള്‍ പിതൃതര്‍പ്പണത്തിനു ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനു നിരോധനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിന്റേതാണ് ഈ തീരുമാനം.

മുന്‍ വര്‍ഷങ്ങളില്‍ ചില സ്വകാര്യ ഏജന്‍സികള്‍ പിതൃതര്‍പ്പണത്തിനു ക്രമീകരണം ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ ക്രമീകരങ്ങള്‍ക്കു തടസമായെന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇത്തരം നടപടികള്‍ നിരോധിച്ചത്. 

ശബ്ദ മലിനീകരണമുണ്ടായാല്‍ കേസ്

ബലി തര്‍പ്പണ കേന്ദ്രങ്ങള്‍ക്കു സമീപം അനുവദിനീയമായതിലും ശബ്ദത്തില്‍ ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേസെടുക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
 (പി.ആര്‍.പി. 1960/2018)

date