Skip to main content

കോന്നിയിലെ മലയോര പട്ടയം: കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കണം- അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

അനുകൂല നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

മലയോര മേഖലയിലെ പട്ടയം പൂര്‍ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാന്‍ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും, ഉന്നതതലത്തില്‍ ഇടപെടലുണ്ടായാല്‍ അനുമതി വേഗത്തില്‍ ലഭ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു.

 

1970.041 ഹെക്ടര്‍ കൈവശ വനഭൂമിയില്‍ പട്ടയം നല്കുന്നതിനുള്ള ക്രമീകരണത്തിനു വേണ്ടി എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ പരിവേഷ് മുഖേന അപേക്ഷ സമര്‍പ്പിച്ചത്. ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം 2020 ഏപ്രില്‍ രണ്ടിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ ബംഗളുരു റീജ്യണല്‍ ഓഫീസില്‍ അപേക്ഷ നല്കി.

 

കേന്ദ്ര സര്‍ക്കാരിന്റെ വനം- പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റി വിഷയം പരിഗണിക്കുകയും, പരിഹാര വനവല്‍ക്കരണത്തിനായുള്ള ഭൂമിയുടെ കെ.എം.എല്‍ ഫയലുകളും, കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ 2020 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുകയും, 2021 ല്‍ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കുകയും ചെയ്തു. 2021 മാര്‍ച്ച് 18 ലെ ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റി നിര്‍ദേശപ്രകാരം റീജ്യണല്‍ ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്ഥല പരിശോധനടത്തുകയും, റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റിന് കൈമാറുകയും ചെയ്തു.

 

കേന്ദ്ര അനുമതിക്കായുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടിയില്‍ പറഞ്ഞു. വിഷയത്തില്‍ തീരുമാനം വേഗത്തിലാക്കാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കുകയും, രണ്ട് തവണ വിഷയം മന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. എം.എല്‍.എ സബ്മിഷനിലൂടെ ഉന്നയിച്ച ആവശ്യങ്ങളില്‍ തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

date