Skip to main content

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍; ക്ലീനായത് നൂറോളം പ്രദേശങ്ങള്‍

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 'വലിച്ചെറിയല്‍ മുക്ത കേരളം'  ക്യാമ്പയിന്‍ നടത്തി. ജനുവരി 26 മുതല്‍ 30 വരെ നടത്തിയ ക്യാമ്പയിനിന്റെ ആദ്യ ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. തദ്ദേശ സ്ഥാപനതലത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തങ്ങള്‍ നടത്തി. ജനുവരി 27 മുതല്‍ നടത്തിയ വാര്‍ഡ്തല ക്യാമ്പയിനിലൂടെ 88 വാര്‍ഡുകളിലായി 100 ഓളം പ്രദേശങ്ങളാണ് ശുചീകരിച്ചത്. 3049 കിലോഗ്രാം മാലിന്യം ക്യാമ്പയിന്റെ ഭാഗമായി ശേഖരിച്ചു. വിവിധ ഇടങ്ങളിലായി 2202 പേര്‍  ക്യാമ്പയിനില്‍ പങ്കാളികളായി.22 വാര്‍ഡുകളില്‍ 20 വാര്‍ഡുകളിലും (91 ശതമാനം) ക്യാമ്പയിന്‍ സംഘടിപ്പിച്ച പൂതാടി ഗ്രാമ പഞ്ചായത്താണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. 22 വാര്‍ഡുകളില്‍ 17 വാര്‍ഡുകളിലും (77 ശതമാനം) ക്യാമ്പയിന്‍ സംഘടിപ്പിച്ച തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.      ജനുവരി 26 ന് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ടൗണ്‍ ശുചീകരിച്ചുകൊണ്ട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ നിര്‍വഹിച്ചിരുന്നു. നവ കേരളം കര്‍മ പദ്ധതി, ശുചിത്വമിഷന്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണ്‍ ശുചീകരിച്ചത്.      'വൃത്തിയുളള നവകേരളം' എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.      നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.       ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കല്‍, മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നീ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂള്‍, അംഗന്‍വാടികള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, പൊതു നിരത്തുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിലാണ് ശുചീകരണം നടത്തിയത്. ശുചീകരണത്തിന് ശേഷം ശേഖരിക്കപ്പെട്ട മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കൂടാതെ വൃത്തിയാക്കിയ പൊതു ഇടങ്ങളില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പൂച്ചെടികള്‍ നടും. ജനപ്രതിനിതികള്‍, വിവിധ മേഖലകളിലെ പൊതു പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, കുട്ടികള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരാണ് ക്യാമ്പയിനില്‍ പങ്കെടുത്തത്.

date