Skip to main content

സീപോർട്ട് റോഡിൽ ഗർത്തമുണ്ടായ ഭാഗം ബലപ്പെടുത്താൻ നിർദേശം

തൃക്കാക്കര സഹകരണ ആശുപത്രിക്ക് മുൻപിൽ സീപോർട്ട് എയർപോർട്ട് റോഡിനടിയിൽ ഗർത്തം രൂപപ്പെട്ട ഭാഗം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ നിർദേശിച്ചു. മണ്ണ് അടിച്ച് കുഴി നികത്തുന്നതിനും റോഡിന്റെ വശം ബലപ്പെടുത്തുന്നതിനും എസ്റ്റിമേറ്റ് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഗർത്തം രൂപപ്പെട്ട സ്ഥലം പരിശോധിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസത്തെ മഴയിലാണ് റോഡിനടിയിലെ മണ്ണ് ഒലിച്ചു പോയത്. തിരക്കേറിയ റോഡിൽ ഗതാഗത തടസമുണ്ടാകാതിരിക്കാൻ ഗർത്തം മൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഡിഎം പറഞ്ഞു. മഴയ്ക്കു മുൻപായി ജോലികൾ പൂർത്തീകരിക്കണം.

കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.വി. അനുരൂപ, ജിയോളജിസ്റ്റ് പ്രിയ മോഹൻ, ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ തുടങ്ങിയവരും സ്ഥലം പരിശോധിക്കാനെത്തി.

date