Skip to main content

സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം പകുതിയോളം കുറഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

     സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പകുതിയോളം കുറയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 341.34 കോടി രൂപയായിരുന്ന നഷ്ടം 2018 മാര്‍ച്ച് 30ന് 158.96 കോടി രൂപയായാണ് കുറഞ്ഞത്. സംസ്ഥാനസഹകരണ ബാങ്കിന്റെ ചരിത്രത്തില്‍ എല്ലാ മേഖലകളിലും ഗണനീയമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
    2017-18 സാമ്പത്തിക വര്‍ഷം  ബാങ്കിന്റെ നിക്ഷേപം 1331 കോടി രൂപ വര്‍ധിച്ച് 8005 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിന് 2018 ജനുവരി 10 മുതല്‍ മാര്‍ച്ച് 31 വരെ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞം സഹായകമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധന നിക്ഷേപത്തിലുണ്ടായി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3698.62 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31 ലെ വായ്പാ ബാക്കി നില്‍പ് 5553.59 കോടി രൂപയാണ്.
    സംസ്ഥാന സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സാന്ത്വനം 2017 പദ്ധതിപ്രകാരവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവകേരളീയം കുടിശിക നിവാരണം 2018 പ്രകാരവും വായ്പ കുടിശികക്കാര്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കി ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 387 കോടി രൂപയില്‍ നിന്നും 330 രൂപ കോടി രൂപയായി കുറയ്ക്കുവാനും ഈ സാമ്പത്തിക വര്‍ഷം സാധിച്ചു.
    സംസ്ഥാനസര്‍ക്കാരിന്റേയും ബാങ്കിന്റേയും കുടിശികനിവാരണ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി 10.58 കോടി  രൂപയുടെ ആനുകൂല്യങ്ങള്‍ ഇതിനകം വായ്പാ കുടിശികക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
    2017-18 വര്‍ഷത്തില്‍ ആദായനികുതി നല്‍കുന്നതിന് മുമ്പുള്ള ബാങ്കിന്റെ ലാഭം സര്‍വകാല റെക്കോര്‍ഡായ 148.00 കോടി രൂപയും ആദായ നികുതി കഴിച്ചിട്ടുള്ള ഈ വര്‍ഷത്തെ പ്രവര്‍ത്തനലാഭം 114.00 കോടി രൂപയുമാണ്.
    സംസ്ഥാന സഹകരണ ബാങ്ക് 2005 മുതല്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ചില്‍ റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിന് ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, എന്‍ഡിഎസ്, ഐഎന്‍എഫ്ഇറ്റി തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളിലും നേരിട്ടുള്ള അംഗത്വം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
    പി.ഒ.എസ് എനേബിള്‍ഡ് എടിഎം കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് നല്‍കാന്‍ ബാങ്കിന് സാധിച്ചു.  ഇ-കൊമേഴ്‌സ്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ നടപ്പിലാക്കുന്നതിന് Reserve Bank നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അധികം താമസിയാതെ തന്നെ ഈ സംവിധാനങ്ങള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ നടപ്പില്‍ വരുത്തുന്നതിന് സാധിക്കും.
    സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേരള സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്തതും നേട്ടമാണ്.
    ഹ്രസ്വകാല കാര്‍ഷിക വായ്പാഘടന ത്രിതല സംവിധാനത്തില്‍ നിന്നും ദ്വിതല സംവിധാനത്തിലേക്ക് മാറി കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്ന വേളയില്‍  നേതൃപരമായ പങ്ക് വഹിക്കുന്നതിന് കേരള സംസ്ഥാന സഹകരണ ബാങ്കിന് സാധിക്കുമെന്നും കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന് 2018-19 വര്‍ഷം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക് തലത്തില്‍ ഇതിനായുള്ള അനുമതി സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലാണ്.
    2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 14 ജില്ലാസഹകരണ ബാങ്കുകളില്‍ 13 ജില്ലാസഹകരണ ബാങ്കുകളും ലാഭം നേടിയപ്പോള്‍  തിരുവനന്തപുരം ജില്ലാസഹകരണ ബാങ്ക് മാത്രം നഷ്ടം നേരിട്ടു.     തിരുവനന്തപുരം ജില്ലാബാങ്ക് നഷ്ടത്തിലാകാനുള്ള കാര്യങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. മുന്‍ഭരണസമിതി കാലത്ത് നല്‍കിയ ക്രമവിരുദ്ധ വായ്പകളും ഉത്തരവാദിത്വരഹിതമായ ധനമാനേജുമെന്റുമാണ് ബാങ്കിനെ നഷ്ടത്തിലേക്ക് നയിച്ചത്. ജില്ലയിലെ പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കിയ വായ്പകളില്‍ പോലും 254 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറി. ഇതില്‍ ചില സംഘങ്ങള്‍ വെറും തട്ടിക്കൂട്ട് സംഘങ്ങളാണ് എന്നുള്ളത് ഗൗരവമായ തുടര്‍പരിശോധനയ്ക്ക് വിധേയമാക്കും. വ്യക്തിഗത വായ്പകളില്‍ 500 കോടി രൂപയോളം നിഷ്‌ക്രിയ ആസ്തിയാണ്. ഇത് പിരിച്ചെടുക്കുന്നതിന് സത്വര നടപടി സ്വീകരിക്കും.
    തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ മുന്‍ഭരണസമിതി കാലയളവ് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ സഹകരണസംഘം രജിസ്ട്രാര്‍/സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീം രൂപീകരിച്ച് ഒരു മാസത്തിനകം പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും.
    കേരള ബാങ്ക് രൂപീകരണ സമയത്ത് തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ബാങ്കിന്റെ മൂലധനത്തിലേക്ക് സര്‍ക്കാര്‍ സഹായമായി 22 കോടി രൂപ നല്‍കിയിട്ടുണ്ട്.
    തൃശൂര്‍ ജില്ലാസഹകരണ ബാങ്കിലും മുന്‍ഭരണസമിതി കാലയളവില്‍ ഗുരുതരമായ വായ്പാ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യവും വിശദമായി പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
    വാര്‍ത്താസമ്മേളനത്തില്‍ പുറമെ സംസ്ഥാന സഹകരണ ബാങ്ക് പാര്‍ട് ടൈം അഡ്മിനിസ്‌ട്രേറ്റര്‍ വി.സനല്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഇ.ദേവദാസ്, ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍ തുടങ്ങിയര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1272/18

 

date