Skip to main content

കുട്ടികള്‍ക്കായി  ഡീ-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നത് പരിഗണനയില്‍: ജില്ലാ കളക്ടര്‍

 

ഹൈസ്‌കൂള്‍തലം മുതലുള്ള കുട്ടികളില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള പ്രവണത കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കുട്ടികള്‍ക്കായി ഡീ-അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ജില്ലാ കളക്ടര്‍ ഡോ.  ബി. എസ് തിരുമേനി അറിയിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നത്. ലഹരി വിമുക്ത ചികിത്സ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെയല്ല, ഇത്തരത്തിലുള്ള കുട്ടികള്‍ക്ക്  പ്രത്യേക ശ്രദ്ധയും കരുതലും നല്‍കണം. വിമുക്തി മിഷന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകള്‍, കോളേജുകള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, ലൈബ്രറി, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകള്‍  എന്നിവയുമായി ചേര്‍ന്ന് നിരവധി ബോധവത്കരണ പരിപാടികളും സെമിനാറുകളുമാണ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 12,96,731 രൂപ വിമുക്തി മിഷന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   ജില്ലാതല വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

                                                   (കെ.ഐ.ഒ.പി.ആര്‍-646/18)

date