Skip to main content

കോടതിമുറിക്കരികിെല ശിശുസൗഹൃദമുറിക്ക് തിങ്കളാഴ്ച ഉദ്ഘാടനം

 

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍  കൈകാര്യം ചെയ്യുന്ന പ്രതേ്യക കോടതിയോടു ചേര്‍ന്നുള്ള വിശ്രമമുറി ഇനി മുതല്‍ ശിശുസൗഹൃദം. 

 കോടതി മുറിക്കരികിലെ 'കുട്ടി മുറി' സംസ്ഥാനത്ത് ആദ്യത്തേതാണ്. ഈ ശിശുസൗഹൃദമുറി തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വൈകിട്ട് 6-ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ ശിശുസൗഹൃദമുറി ഉദ്ഘാടനം ചെയ്യും. 

കേസുകളൂടെ പിരിമുറുക്കങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള മോചനമായി മാറുകയാണിവിടം. ഏതു വികൃതിയെയും പിടിച്ചിരുത്താന്‍ കഴിയുന്നത്ര ആകര്‍ഷണീയമാണ് ഈ മുറി. കാര്‍ട്ടൂണുകളൂം കളിപ്പാട്ടങ്ങളും സ്വാഗതമേകുന്ന മുറി ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. തേനീച്ചകളും, പൂമ്പാറ്റയും തൂങ്ങിയാടുന്ന കുരങ്ങനും അണ്ണാറക്കണ്ണനും മുയലും ആനക്കുട്ടിയും ചുവരിലെ ചിത്രങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇളം മഞ്ഞനിറത്തിലുള്ള പ്രത്യേക ഇരിപ്പിടങ്ങളും വലിയ ബഞ്ചുകളും കുട്ടികള്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. മരച്ചില്ലകളുടെ ആകൃതിയിലുള്ള ബുക്ക് ഷെല്‍ഫില്‍ കുട്ടികള്‍ക്കിഷ്ടപ്പെട്ട കഥാപുസ്തകങ്ങളൂം ചിത്രകഥകളും സജ്ജീകരിച്ചിരിക്കുന്നു. വൃക്ഷശിഖരങ്ങളൂടെ ആകൃതിയില്‍ ഒരുക്കിയിരിക്കുന്ന ബുക്ക് ഷെല്‍ഫില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളും പല തരത്തിലുള്ള പാവകളും കാണാം. 

പ്രത്യേക കോടതിയിലെ വിശ്രമമുറി കുട്ടികള്‍ക്ക് പ്രിയങ്കരമാകുമെന്ന് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് പറഞ്ഞു. പല കേസുകളിലുമുള്‍പ്പെട്ട് ഇരകളായും സാക്ഷികളായും ഒട്ടേറെ കുട്ടികളാണ് ഈ കോടതിമുറിയില്‍ വരുന്നത്. കോടതികെട്ടിടങ്ങളുടെ ഗൗരവതരമായ പരിസരം കുട്ടികളെ കൂടുതല്‍ പരിഭ്രാന്തരാക്കുന്നു. കോടതിമുറിയിലെത്തുന്ന കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. അവരുടെ പരിഭ്രാന്തി കുറയ്ക്കാന്‍ നവീകരിച്ച ഈ വിശ്രമമുറിയ്ക്ക് ഒരു പരിധി വരെ സാധിക്കും, ജഡ്ജി നിസാര്‍ അഹമ്മദ് പറഞ്ഞു.

സന്നദ്ധപ്രവര്‍ത്തകയും ആംഗ്ലോ  സ്വിസ് വംശജയുമായ ക്രിസ്റ്റില്‍ ഹാര്‍ട്ട് സിങ്ങിന്റെ പ്രയത്‌നമാണ് ശിശുസൗഹൃദ മുറിക്കു പിന്നിലുള്ളത്. കോടതിയില്‍ ഒരു കേസിന്റെ സാക്ഷിയായി എത്തിയതായിരുന്നു അവര്‍. പിന്നീട് ക്രിസ്റ്റില്‍ ഹാര്‍ട്ട് സിങ്ങ് തന്നെ കോടതിയെ സമീപിച്ച് വിശ്രമമുറി ശിശുസൗഹൃദമാക്കേണ്ടതിന്റെ ആവശ്യകത അറിയിക്കുകയായിരുന്നു. ഇതിനായുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും ക്രിസ്റ്റില്‍ ഹാര്‍ട്ട് സിങ്ങ് തയ്യാറായി. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. 

മുറിയില്‍ കുട്ടികള്‍ക്കു പ്രിയപ്പെട്ട റേയ്‌സിംഗ് കാറുകളും, റുബിക് സ്‌ക്യൂബും ക്രയോണ്‍സും ഒരുക്കിയിട്ടുണ്ട്. 

date