ജാഗ്രതോത്സവം: പറവൂര്‍ ബ്ലോക്ക് തല പരിശീലനം നടത്തി
പറവൂര്‍: തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ഹരിതകേരളം, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന ജാഗ്രതോത്സവത്തിന്റെ ഭാഗമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്റെ അദ്ധ്യക്ഷതയിലാണ് പരിശീലന പരിപാടി നടന്നത്.
ജില്ലാതല ജാഗ്രതോത്സവത്തില്‍ നിന്നും പരിശീലനം നേടിയ ഏഴ് പേര്‍ പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ നയിച്ചു. ജാഗ്രതോത്സവം എന്ത്, എന്തിന് എന്നത വിഷയത്തില്‍ കെ.ബി ശ്രീകുമാര്‍ ക്ലാസ് നയിച്ചു. ഹരിത ഓഡിറ്റിംഗ് അവതരണം എന്‍.ഇ. ശശിധരന്‍ നായര്‍ നിര്‍വ്വഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്ത ഏഴ് പേര്‍ നടത്തിയ ഫീല്‍ഡ് തല സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടും പരിപാടിയില്‍ അവതരിപ്പിച്ചു. സമീപപ്രദേശങ്ങളിലുള്ള കടകളും സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമാണ് ഫീല്‍ഡ് സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. റിസോഴ്‌സ്‌പേഴ്‌സണായ രാജേശ്വരി മോഹന്‍ ഹരിത പെരുമാറ്റ ചട്ടത്തെപ്പറ്റി സംസാരിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ റിസോഴ്‌സ് പേഴ്‌സണായ കെ.ടി. ജില്‍സണ്‍, കെ.വി. പ്രഷീദ, കെ.ബി. ബിന്ദു, പി.ആര്‍ സന്ധ്യ എന്നിവരും പങ്കെടുത്തു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും ജാഗ്രതോത്സവം വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ബിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്ത ദ്വിദിന പരിശീലനപരിപാടി ഇന്നലെ (ഏപ്രില്‍ 21) സമാപിച്ചു. അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഞ്ചായത്ത്തല പരിശീലന ക്ലാസുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വരാപ്പുഴ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തോമസ് ജോസഫ്, സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടല്‍ ശോഭന്‍, സാക്ഷരതാ പ്രവര്‍ത്തകരായ എല്‍സി ടി. എ, സ്‌നേഹലത, കുടുംബശ്രീ പ്രവര്‍ത്തകയായ ഷില്‍സി ഡെന്നിസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
- Log in to post comments