കെ.ആര്‍. എന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരെ സിനിമ പഠിപ്പിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരെ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കാന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്.ഐ.ഇ.ടി)യും ദക്ഷിണേന്ത്യയിലെ ഏക ദേശീയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തുന്ന ഒന്നരമാസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് ഇന്ന്(ഏപ്രില്‍ 23) തുടക്കമാവും. ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് ഓഡിയോ വിഷ്യല്‍ ഇ- കണ്ടന്റ് നിര്‍മ്മാണത്തില്‍ എസ്.ഐ.ഇ.ടി പരിശീലനം നല്‍കുന്നത്. തിരക്കഥ, ഷൂട്ടിങ്, എഡിറ്റിംഗ്, ശബ്ദമിശ്രണം, അനിമേഷന്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍. 25 പേര്‍ വീതമുള്ള ആറ് ബാച്ചുകളിലായി ജൂണ്‍ ഒന്നു വരെ നീണ്ടുനില്‍ക്കും. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ക്ക് പുറമെ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ക്ലാസ്സുകള്‍ നയിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ക്ലാസ്സുകളില്‍ ആവശ്യമായ ഓഡിയോ വീഡിയോ കണ്ടന്റുകള്‍, ബോധവല്‍കരണത്തിനാവശ്യമായ ലഘു ചിത്രങ്ങള്‍ എന്നിവ അധ്യാപകര്‍ക്ക് സ്വയം തയ്യാറാക്കാന്‍ അടിസ്ഥാന ധാരണ ഉണ്ടാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത് എന്ന് എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി.അബുരാജ് പറഞ്ഞു. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികള്‍. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കാണ് ഇപ്പോള്‍ പരിശീലനം നല്‍കുന്നത്. പരിശീലനപദ്ധതിയില്‍ ക്ലാസ്സ് റൂം പഠനത്തിനൊപ്പം പ്രാക്റ്റിക്കല്‍ സെഷനുകളും ഉണ്ടാകും. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ ആയിരിക്കും. ഓരോ ബാച്ചിലും പഠിതാക്കളുടെ ചെറു ഗ്രൂപ്പുകള്‍ ചേര്‍ന്നു ലഘു ചിത്രങ്ങല്‍ നിര്‍മ്മിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ചലച്ചിത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും ചര്‍ച്ചകളും ഉണ്ടാകും. എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ് തുടങ്ങിയവക്കായി തയ്യാറാക്കിയിട്ടുള്ള ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തും.സാമ്പത്തിക ബാധ്യതയില്ലാതെ ഡിജിറ്റല്‍ കണ്ടന്റുകള്‍ തയ്യാറാക്കാന്‍ ഇത് അധ്യാപകരെ സഹായിക്കുന്നു. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോട് ചെയ്ത് അധ്യാപകര്‍ക്ക് നല്‍കും.
അധ്യാപകരിലെ സര്‍ഗ്ഗശേഷി ഉപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ അധ്യയനം സാധ്യമാക്കാന്‍ കഴിയും വിധമാണ് കോഴ്‌സ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നതെന്ന് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.കെ. അമ്പാടി പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-749/18)
- Log in to post comments